പ്രളയം നശിപ്പിച്ച കൃഷിയിടങ്ങളിൽ തുടരാശ്വാസവുമായി ഉദ്യോഗസ്ഥർ

പന്തീരാങ്കാവ്: പ്രളയകാലത്ത് പുഴ കരകവിഞ്ഞൊഴുകി വാഴകൃഷി വ്യാപകമായി നശിച്ച പെരുമണ്ണ പുറ്റേക്കടവ് കൃഷിയിടത്തിൽ അസി. കൃഷി ഓഫിസർമാരുടേയും കൃഷി അസിസ്റ്റൻറുമാരുടേയും സംഘടനയായ അഗ്രികൾചറൽ അസി. അസോസിയേഷൻ പ്രവർത്തകർ ആശ്വാസവുമായി വീണ്ടുമെത്തി. ചാലിയാർ തീരത്ത് പ്രളയത്തിൽ കൃഷിനശിച്ച് ഭീമമായ നഷ്ടം നേരിട്ട പുറ്റേക്കടവിലെ കർഷകരായ കുഴിമ്പാട്ടിൽ ഷാജി, കുന്നുമ്മൽ ചായിച്ചൻ, കഴിമ്പാട്ടിൽ ബാലൻ എന്നിവരുടെ കൃഷിയിടങ്ങളിൽ ആഴ്ചകൾക്ക് മുൻപ് സംഘടനയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ തന്നെ നിലമൊരുക്കി കുമ്മായമിട്ട് വാഴക്കന്നുകൾ നട്ടു കൊടുത്തിരുന്നു. കർഷകരുടെ മനോവീര്യം ഉയർത്താനും, കൃഷി കൂടുതൽ ലാഭകരമാക്കാനും വേണ്ട തുടർപ്രവർത്തനങ്ങളുമായാണ് കൃഷി ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം വീണ്ടുമെത്തിയത്. കീടരോഗ നിയന്ത്രണമാർഗങ്ങൾ ചെയ്യുകയും, സൂക്ഷ്മ മൂലകങ്ങളുടെ അഭാവം മനസ്സിലാക്കി ആവശ്യമായവ വാഴയിൽ തളിക്കുകയും ചെയ്തു. കൂടാതെ, പയർ, വെണ്ട, പാവൽ, മുളക്, വഴുതന, കുമ്പളം, മത്തൻ എന്നിവയുടെ തൈകൾ വാങ്ങി ഉദ്യോഗസ്ഥർ തന്നെ നിലമൊരുക്കി നട്ടുകൊടുത്തു. എ.എ.എ.കെ ജില്ല പ്രസിഡൻറ് പി. ഷാജി സൂക്ഷ്മ മൂലകങ്ങൾ നൽകിയും, ജില്ല സെക്രട്ടറി ഇ.കെ. സജി പച്ചക്കറിതൈകൾ നൽകിയും ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം. റെനീഷ്, തേജസ്, ഷാജു കുമാർ, ഗിരീഷ് കുമാർ, ജിഹാദ് സുബുക്കി, ശ്രീരാജ്, രാജേഷ്, റിജിൽ, ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.