പഠനവും പരീക്ഷയും ഉത്സവമാക്കി കോക്കല്ലൂരില്‍ വിജയോത്സവം

ബാലുശ്ശേരി: കോക്കല്ലൂര്‍ ഗവ. ഹയർ സെക്കൻഡറി സ്കൂള്‍ പത്താംതരക്കാര്‍ക്ക് പഠനവും പരീക്ഷയും ഉത്സവം തന്നെ. വിജയോത്സവത്തി​െൻറ ഭാഗമായ സംഘപഠന സായാഹ്നങ്ങളും, കൂട്ടുകാരും അമ്മമാരും നടത്തുന്ന പരീക്ഷകളും വ്യത്യസ്തമാകുകയാണ്. ദിവസവും വൈകീട്ട് നാലുപേരടങ്ങുന്ന സംഘങ്ങള്‍ ഒരുമിച്ചിരുന്ന് വായനയും ലഘുപരീക്ഷയും ചര്‍ച്ചയും ചോദ്യപ്പയറ്റും നടത്തും. എ പ്ലസ് വിജയം മികവുറ്റതാക്കാനുള്ള എ പ്ലസ് ക്ലബുകളും വിദ്യാലയത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. പ്രതിമാസ പരീക്ഷയില്‍ കൂടുതല്‍ സ്കോര്‍ നേടിയവരെ പങ്കെടുപ്പിച്ചാണ് എ പ്ലസ് ക്ലബ് രൂപവത്കരിച്ചത്. ഓരോ പരീക്ഷ കഴിയുംതോറും പുതിയവരെ ക്ലബിലേക്ക് വരവേല്‍ക്കും. ഇവര്‍ക്ക് പ്രത്യേക ശിൽപശാലകളും ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. രക്ഷാകര്‍തൃ ശാക്തീകരണത്തിനായി ആവിഷ്കരിച്ച താങ്ങും തണലും പദ്ധതി വിജയോത്സവത്തിന് മാറ്റുകൂട്ടുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍. 50 പേരടങ്ങുന്ന രക്ഷിതാക്കളുടെ ബാച്ചിന് ഒരു ദിവസ പരിശീലനമാണ് താങ്ങും തണലും പദ്ധതിയുടെ ഭാഗമായി നല്‍കിവരുന്നത്. ആദ്യഘട്ടം നടന്ന പൊതുപരിശീലനത്തില്‍ രണ്ടായിരത്തോളം രക്ഷിതാക്കള്‍ പങ്കെടുത്തു. ടി.എം. സനീഷ്, ആര്‍.കെ. വാണിശ്രീ എന്നിവര്‍ കണ്‍വീനര്‍മാരായ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.