കൊടുവള്ളിയിലെ ആസ്തികൾ ഡിജിറ്റലൈസ് ആവുന്നു

കൊടുവള്ളി: നഗരാസൂത്രണം, പദ്ധതി വിഭാവന-നിര്‍വഹണം, നികുതി പിരിവ് തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങള്‍ക്ക് സഹായകമാകുന്ന (ഇൻറലിജൻറ്സ് പ്രോപർട്ടി സിസ്റ്റം) ആസ്തി വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിക്ക് കൊടുവള്ളി നഗരസഭയില്‍ തുടക്കമായി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിയിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഭൂപടം തയാറാക്കും. റോഡ്, ലാൻഡ്മാര്‍ക്ക്, തണ്ണീര്‍തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ ഭൂപടങ്ങള്‍ എന്നിവ ഒരു വെബ്‌പോര്‍ട്ടലില്‍ ആവശ്യാനുസരണം കണ്ടുപിടിച്ച് പരിശോധിക്കാന്‍ കഴിയുംവിധമാണ് പദ്ധതി തയാറാക്കിയതെന്ന് നഗരസഭ ചെയര്‍പേഴ്‌സൻ ഷരീഫ കണ്ണാടിപ്പൊയില്‍ പറഞ്ഞു. ഡി.ജി.പി.എസ്, ഡ്രോണ്‍, ജി.പി.എസ്, ലേസര്‍ടാപ്പ്, പ്രത്യേകം തയാറാക്കിയ ആപ്ലിക്കേഷനോടു കൂടിയ ടാബ് എന്നിവ ഉപയോഗിച്ചുള്ള സര്‍വേയിലൂടെ ശേഖരിക്കുന്ന വിവരങ്ങള്‍ വിദഗ്ധ പരിശോധനക്കുശേഷം സംയോജിപ്പിച്ചു ആവശ്യാനുസരണം പരിശോധിക്കാനും അപഗ്രഥിക്കാനും കഴിയും വിധം തയാര്‍ ചെയ്ത വെബ്‌പോര്‍ട്ടലില്‍ ഏകീകരിക്കും. ഒരു കെട്ടിടത്തില്‍ നിന്നും 115ലധികം വിവരങ്ങള്‍ ശേഖരിക്കുന്നതോടൊപ്പം റോഡ്, പാലം, കള്‍വെര്‍ട്ട്, ഓവുചാലുകൾ, കനാല്‍, റോഡ് ജങ്ഷന്‍, റോഡ് സിഗ്നല്‍, ഡിവൈഡര്‍, പാര്‍ക്കിങ് ഏരിയ ചിത്രത്തോട് കൂടിയ വിവരങ്ങള്‍, തരിശുനിലങ്ങള്‍, തണ്ണീര്‍തടങ്ങള്‍, വയലുകള്‍ എന്നിവയുടെ പൂര്‍ണ വിവരങ്ങളും ശേഖരിച്ചാണ് ഭൂപടം തയാറാക്കുന്നത്. ഭൂപടം തയാറാക്കാനാവശ്യമായ റവന്യൂ വകുപ്പില്‍ നിന്നുള്ള രേഖകള്‍ സമാഹരിച്ചു നല്‍കുമെന്ന് വൈസ് ചെയര്‍മാന്‍ എ.പി. മജീദ്മാസ്റ്റര്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ സൈബര്‍ വിങ്ങാണ് പദ്ധതി നിര്‍വഹണം നടത്തുന്നത്. ഇതി​െൻറ ഡ്രോണ്‍ മാപിങ് തിങ്കളാഴ്ച ആരംഭിച്ചു. ജനുവരി 31നകം പദ്ധതി പൂര്‍ത്തീകരിച്ചു നഗരസഭക്ക് കൈമാറും. 38 ലക്ഷം ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് തന്നെ തലശ്ശേരി നരഗസഭക്കുശേഷം ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന നഗരസഭയാണ് കൊടുവള്ളി. കൃത്യവും സത്യസന്ധവുമായ ഡാറ്റാ ബേസ്, കൃത്യമായ വാര്‍ഡ് അതിര്‍ത്തി, നഗരസഭ പരിധിക്കുള്ളിലെ മുഴുവന്‍ കെട്ടിടങ്ങളുടെയും ചിത്രം സഹിതമുള്ള വിവരങ്ങള്‍, അടിസ്ഥാന വിവരങ്ങളോട് കൂടിയ റോഡ് വിവരങ്ങള്‍, നികുതി പരിധിയിൽ വരാത്ത കെട്ടിടങ്ങൾ, കൃത്യമായ ഭൂവിനിയോഗ വിവരങ്ങൾ, തണ്ണീർത്തടങ്ങളുടെ വിവരങ്ങൾ, പൊതു സ്ഥാപനങ്ങളുടെ വിവരങ്ങൾ എന്നിവ ഒരു വെബ് പോർട്ടലിൽ ഏകീകരിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം. ആധുനികതയിലൂന്നിയ നഗരാസൂത്രണം, പദ്ധതി വിഭാവന നിർവഹണം, ക്ഷേമപദ്ധതികൾ അർഹരിലേക്ക് എത്തിക്കുക, അടിസ്ഥാന സൗകര്യ വികസനം കൃത്യതയോടെ നടപ്പിലാക്കാൻ സഹായിക്കുന്ന തോടൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ കാര്യക്ഷമമാക്കുന്നതിനും പദ്ധതി ലക്ഷ്യംവെക്കുന്നു. റവന്യൂ വകുപ്പില്‍ നിന്നുള്ള രേഖകള്‍ ലഭ്യമായാൽ പൂനൂർ പുഴയും ചെറുപുഴയും അളന്ന് ൈകയേറ്റങ്ങൾ കണ്ടെത്തി അതിരു നിർണയിക്കുന്നതിനും പദ്ധതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.