നെല്‍വയലും തണ്ണീര്‍ത്തടവും നികത്തല്‍ വ്യാപകം

കക്കോടി: കക്കോടി, ചേളന്നൂർ, കുരുവട്ടൂർ പഞ്ചായത്തുകളിൽ നെല്‍വയലും തണ്ണീര്‍തടങ്ങളും നികത്തുന്നത് വ്യാപകമാകുന്നു. നികത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കാത്തതിനാല്‍ റോഡരികിനോട് ചേര്‍ന്നുള്ള നീര്‍ക്കെട്ട് പ്രദേശങ്ങള്‍ അനുദിനം മണ്ണിട്ട് നികത്തുകയാണ്. ദിവസവും പുലർച്ചകളിലാണ് മണ്ണടിക്കുന്നത്. അവധി ദിവസങ്ങളിലും മണ്ണടി സജീവമാണ്. ആദ്യം കുറഞ്ഞ മണ്ണിറക്കുകയും തടയുന്നില്ലെന്ന് കണ്ടാല്‍ ഘട്ടം ഘട്ടമായി പൂര്‍ണമായും നികത്തിപോകുന്നു. വാഴ, കപ്പ, പച്ചക്കറി എന്നിവ നട്ടാണ് നികത്തലിന് തുടക്കം കുറിക്കുന്നത്. ഇവിടെ പുല്ല് വളരുന്നതോടെ വീണ്ടും അടുത്ത ലോഡ് മണ്ണ് വീഴും. പയമ്പ്ര റോഡില്‍ പൊട്ടംമുറി ജങ്ഷനു സമീപം റോഡരികിലെ നീര്‍ക്കെട്ട് പ്രദേശം നികത്തുന്നതിനായി മണ്ണ് നിക്ഷേപിച്ചതിനെ തുടര്‍ന്ന് കൃഷി ഓഫിസര്‍ നടപടി സ്വീകരിച്ചിരുന്നു. കുരുവട്ടൂർ പഞ്ചായത്തി​െൻറ പല ഭാഗങ്ങളിലും വയലുകളിലും തണ്ണീർത്തടങ്ങളിലും മണ്ണുവീണു കഴിഞ്ഞു. ചേളന്നൂർ പഞ്ചായത്തിലെ പള്ളിപ്പൊയിൽ, പാലത്ത്, കുമാരസ്വാമി, എരവന്നൂർ ഭാഗങ്ങളിൽ മണ്ണ് നികത്തൽ വ്യാപകമായിട്ടും നടപടിയില്ല. കക്കോടി കിഴക്കുംമുറിയിലും അനുമതിയില്ലാതെ വയല്‍പ്രദേശം മണ്ണിട്ട് നികത്തന്നത് തുടരുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. സ്ഥലമുടമയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് വില്ലേജ് അധികൃതർ പറയുന്നത്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട നൂറുകണക്കിനാളുകള്‍ ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കി കിട്ടുന്നതിനുള്ള അപേക്ഷ കൃഷിഭവനില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ പരിശോധന നടത്തി കൃഷിഭവനും റവന്യൂവിഭാഗവും തീരുമാനമെടുക്കും മുമ്പാണ് പലരും നികത്തിതുടങ്ങിയത്. നികത്തണമെങ്കില്‍ തദ്ദേശ- റവന്യൂവകുപ്പി​െൻറയും നിരീക്ഷണ സമിതികള്‍ സ്ഥലത്തെത്തി പരിശോധന നടത്തണം. സമിതിയുടെ ശിപാര്‍ശ പ്രകാരം അന്തിമ തീരുമാനമെടുക്കേണ്ടത് ജില്ല കലക്ടറോ, ആര്‍.ഡി.ഒയോ ആണ്. നിയമപ്രകാരമല്ലെന്ന് കണ്ടാല്‍ നിക്ഷേപിച്ച മണ്ണ് എടുത്തുമാറ്റുന്നതിന് നിർദേശിക്കുകയും ചെയ്യാം. മണ്ണിടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കൃഷി ഓഫിസര്‍ വെള്ള പേപ്പറില്‍ എഴുതി തയാറാക്കിയ അപേക്ഷ ആര്‍.ഡി.ഒക്ക് സമര്‍പ്പിക്കാറായിരുന്നു പതിവ്. എന്നാല്‍, ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തവക്കൊന്നും നടപടി സ്വീകരിക്കുന്നില്ലെന്ന് കൃഷിഭവന്‍ അധികൃതരും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.