മൗനനൊമ്പരങ്ങൾ പങ്കുവെച്ച് ബധിര കൂട്ടായ്മക്ക് ഒരു പതിറ്റാണ്ട്

കൊടുവള്ളി: ആരോടും പരിഭവമില്ലാതെ മൗനനൊമ്പരങ്ങൾ പരസ്പരം പങ്കുവെച്ച് കൊടുവള്ളിയിലെ നിശ്ശബ്ദ കൂട്ടായ്മ ഒരു പതിറ്റാണ്ട് പിന്നിടുന്നു. കൊടുവള്ളി ബസ്സ്റ്റാൻഡിലെ ഒരു മൂലയിൽ എന്നും വൈകുന്നേരങ്ങളിലെ കൗതുകക്കാഴ്ചയായിരുന്നു ഏതാനും ബധിരരുടെ ഒത്തുകൂടിയുള്ള ആംഗ്യ ഭാഷയിലുള്ള സല്ലാപം. ഈ ഒത്തുകൂടലിൽ നിരവധിപേർ എത്തിത്തുടങ്ങിയതോടെ ഇവരുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് ഇരിക്കാനായി അന്നത്തെ പഞ്ചായത്ത് അധികൃതർ പഞ്ചായത്ത് കെട്ടിടത്തിൽ സൗകര്യമേർപ്പെടുത്തിക്കൊടുത്തു. തുടർന്ന് കേൾവിയും സംസാരശേഷിയുമില്ലാത്ത ഈ സഹോദരങ്ങൾ ചേർന്ന് ഡെഫ് വെൽഫെയർ ഫൗണ്ടേഷൻ എന്ന സംഘടനക്ക് രൂപം നൽകി. ഇന്ന് നഗരസഭ പരിധിയിലെ വിവിധ പ്രയാസങ്ങൾ അനുഭവിക്കുന്ന സ്ത്രീകളടക്കമുള്ള നൂറു പേർ സംഘടനയിൽ അംഗങ്ങളാണ്. ഓണം, പെരുന്നാൾ, ഉൾപ്പെടെയുള്ള ഉത്സവ ആഘോഷസമയങ്ങളിൽ റിലീഫ് പ്രവർത്തനം നടത്തി സഹായമെത്തിക്കുന്നു. സാമ്പത്തികമായി സഹായിക്കാൻ കഴിയുന്നവർ മാസത്തിൽ ഒരു സംഖ്യ സംഘടനക്ക് നൽകി പരസ്പര സഹായ നിധിക്കും തുടക്കം കുറിച്ചിട്ടുണ്ട്. കൊടുവള്ളി നഗരസഭ അധികൃതർ ഇവർക്ക് ബസ് സ്റ്റാൻഡിന് സമീപം ഓഫിസിനായി മുറി അനുവദിച്ചിരുന്നു. ഇവിടെയാണ് ഡെഫ് വെൽഫെയർ ഫൗണ്ടേഷ​െൻറ ഓഫിസ് പ്രവർത്തിക്കുന്നത്. ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എട്ടാമത് ബധിര ശാക്തീകരണ സമ്മേളനം നടക്കും. അഡ്വ. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.എം. രാധാമണി, ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ തുടങ്ങിയവർ പങ്കെടുക്കും. ധനസഹായ വിതരണം, സെമിനാർ, പഠന ക്ലാസുകൾ എന്നിവയും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.