മണാശ്ശേരിയിൽ സ്കൂൾ വിദ്യാർഥികളും യുവാക്കളും തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്കേറ്റു

മുക്കം: മണാശ്ശേരി എം.എ.എം.ഒ കോളജ് പരിസരത്ത് സ്കൂൾ വിദ്യാർഥികളും യുവാക്കളും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. മണാശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിലാണ് വെള്ളിയാഴ്ച വൈകീട്ട് ഏറ്റുമുട്ടിയത്. സ്കൂളിലെ ചില വിദ്യാർഥികളും മണാശ്ശേരിയിലെ ചില യുവാക്കളും തമ്മിൽ പുറത്തുവെച്ചുണ്ടായ പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച നാട്ടുകാരായ യുവാക്കളും സ്കൂളിലെ ചില പ്ലസ് ടു വിദ്യാർഥികളും തമ്മിൽ കൈയേറ്റം നടന്നിരുന്നു. അന്ന് സ്കൂൾ അധികൃതർ ഇടപെട്ട് പ്രശ്നം തീർത്തിരുന്നു. ഇതി​െൻറ തുടർച്ചയായാണ് വീണ്ടും ഏറ്റുമുട്ടൽ നടന്നത്. സ്കൂൾ വിടുന്നതുവരെ കാത്തുനിന്ന യുവാക്കൾ പുറത്തെത്തിയ ശേഷം തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. സംഘട്ടനം പ്രദേശവാസികൾ ഏറ്റെടുത്തതോടെ പ്രദേശത്ത് ഏറെനേരം സംഘർഷാവസ്ഥ ഉണ്ടായി. പ്രദേശവാസികളായ നാലോളം യുവാക്കൾക്കും നിരവധി സ്കൂൾ വിദ്യാർഥികൾക്കും പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തെ ഒരു കടക്കും സാരമായ കേടുപാട് സംഭവിച്ചു. പരിക്കേറ്റവർ മുക്കത്തെ ആശുപത്രികളിൽ ചികിത്സ തേടി. അതേസമയം, സ്കൂൾ വിദ്യാർഥികളെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പൽ മുക്കം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.