ബേപ്പൂർ പുലിമുട്ടിലെ നാവിഗേഷൻ ലൈറ്റ് കണ്ണടഞ്ഞു

ബേപ്പൂർ: ബേപ്പൂർ പുലിമുട്ടിൽ സ്ഥാപിച്ച സോളാർ നാവിഗേഷൻ ലൈറ്റ് കണ്ണടഞ്ഞിട്ട് നാലുമാസത്തോളമായി. ബേപ്പൂരിലെയും ചാലിയത്തെയും പുലിമുട്ടുകളിൽ കഴിഞ്ഞ ഏപ്രിൽ ആദ്യമാണ് സോളാർ നാവിഗേഷൻ ലൈറ്റുകൾ സ്ഥാപിച്ചത്. തുറമുഖ വകുപ്പ് ഫണ്ടിൽനിന്നുള്ള മൂന്നു ലക്ഷം രൂപ ചെലവിട്ടാണ് ആസ്ട്രേലിയൻ നിർമിത ലൈറ്റുകൾ ഇരു പുലിമുട്ടുകളിലുമായി ഹാർബർ എൻജിനീയറിങ് വകുപ്പ് അടിയന്തരമായി സ്ഥാപിച്ചത്. ലൈറ്റ് അണഞ്ഞിട്ടും അധികൃതർ നന്നാക്കാൻ ശ്രമിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിലാണ്. രാത്രിസമയങ്ങളിൽ എത്തുന്ന മീൻപിടിത്ത ബോട്ടുകൾക്കും ചെറുതും വലുതുമായ ജലയാനങ്ങൾക്കും കപ്പലുകൾക്കും ബേപ്പൂർ ഹാർബറിലേക്കുള്ള നേരായ ദിശ മനസ്സിലാക്കുന്നതിനാണ് ലൈറ്റുകൾ സ്ഥാപിച്ചത്. നാവിഗേഷൻ ലൈറ്റ് കണ്ണുചിമ്മിയതോടെ മത്സ്യത്തൊഴിലാളികൾക്ക് ബോട്ടുകളെ തീരത്തോടടുപ്പിക്കാൻ വലിയ ബുദ്ധിമുട്ടായി. ദിവസങ്ങളോളമുള്ള ആഴക്കടൽ മീൻപിടിത്തം കഴിഞ്ഞ് അർധരാത്രിയിലും മറ്റും ബേപ്പൂർ ഹാർബറിനെ ലക്ഷ്യമാക്കി പ്രവേശിക്കുന്ന നൂറുകണക്കിന് ബോട്ടുകൾക്കാണ് ദിശാസൂചിക വെളിച്ചം കണ്ണടച്ചതോടെ വട്ടംകറങ്ങേണ്ടി വരുന്നത്. കൃത്യമായ ദിശ മനസ്സിലാക്കാതെ മീൻപിടിത്തം കഴിഞ്ഞുവരുന്ന ജലയാനങ്ങൾ അഴിമുഖത്തെത്തുമ്പോൾ ശക്തിയേറിയ തിരമാലകളിൽപ്പെട്ട് തകരുന്ന സംഭവങ്ങൾ പതിവാണ്. രാത്രിയിലെ വെളിച്ചക്കുറവ് കാരണം അഴിമുഖത്തേക്ക് തള്ളിനിൽക്കുന്ന പുലിമുട്ടിലെ കല്ലുകളിൽ ഇടിച്ച് ബോട്ടുകൾക്കും ചെറുവള്ളങ്ങൾക്കും കേടുപാടുകളും സംഭവിക്കാറുണ്ട്. രാത്രികാലങ്ങളിൽ കടലോര ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ താൽക്കാലിക ലൈറ്റുകൾ സ്ഥാപിച്ചാണ് വെളിച്ച സംവിധാനം ഒരുക്കുന്നത്. ഓഖി ദുരന്തവേളയിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷനും കപ്പൽ ക്യാപ്റ്റന്മാരും ബേപ്പൂർ കടലോര ജാഗ്രത സമിതിയും ഹാർബർ വികസന സമിതിയും തുറമുഖ വകുപ്പിനോട് അടിയന്തരമായി പുലിമുട്ടുകളിൽ ദിശാ വെളിച്ചം സ്ഥാപിക്കാൻ ആവശ്യപ്പെട്ടതിനാലാണ് നാവിഗേഷൻ ലൈറ്റുകൾ സ്ഥാപിക്കപ്പെട്ടത്. പുലിമുട്ടിൽ നാവിഗേഷൻ ലൈറ്റ് സ്ഥാപിച്ചിട്ടുള്ള സീ ലൈറ്റ് സോളാർ മറൈൻ ലാൻടേൺ കമ്പനി അധികൃതർ ഉപകരണം അഴിച്ച് റിപ്പയർ ആവശ്യത്തിന് മുംബൈയിലേക്ക് കൊണ്ടുപോയതാണെന്നും എത്രയും പെട്ടെന്ന് ദിശാ വെളിച്ചം പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബേപ്പൂർ ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ രമ്യ ചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. പടം: solar navigation light പ്രവർത്തനരഹിതമായ ഹാർബറിലേക്ക് പ്രവേശിക്കുന്ന ജലയാനങ്ങൾക്ക് ദിശ കൃത്യമായി മനസ്സിലാക്കുന്നതിന് ബേപ്പൂർ പുലിമുട്ടിൽ സ്ഥാപിച്ചിട്ടുള്ള സോളാർ നാവിഗേഷൻ ലൈറ്റ്‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.