ബേപ്പൂർ പുലിമുട്ട് നടപ്പാത: അധികൃതർക്ക് അനക്കമില്ല; മോണിങ്​ വാക്കേഴ്സ് പുനരുദ്ധാരണത്തിന്

ബേപ്പൂർ: മലബാറിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ബേപ്പൂർ പുലിമുട്ട് കടൽതീരത്തെ നടപ്പാതയും ഇരിപ്പിടവും പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായി. പാതി പൊളിഞ്ഞ ഇരിപ്പിടങ്ങളും സ്ഥാനം തെറ്റിയ ഇൻറർലോക് കട്ടകളും നടപ്പാതയിൽ വാരിവിതറിയ നിലയിലാണുള്ളത്. ഇതുകാരണം കടലി​െൻറ മധ്യത്തിലേക്ക് ഒരു കിലോമീറ്ററോളം നീളത്തിലുള്ള നടപ്പാത ഉപയോഗിക്കാൻ സഞ്ചാരികൾക്ക് വലിയ പ്രയാസമാണ്. ഇൻറർലോക് കട്ടകൾ തട്ടിത്തടഞ്ഞ് കുട്ടികൾക്കും സ്ത്രീകൾക്കും ചെറിയ പരിക്ക് പറ്റുന്നത് സാധാരണ കാഴ്ചയാണ്. പല തവണ അധികൃതരോട് നടപ്പാതയുടെ ശോച്യാവസ്ഥ അറിയിക്കുകയും അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ഫലമില്ലാതായപ്പോഴാണ് മോണിങ് വാക് ടീം രംഗത്തിറങ്ങാൻ തീരുമാനിച്ചത്. കോടികളുടെ നവീകരണ പദ്ധതി എൻജിനീയറിങ് വകുപ്പിന് ശിപാർശ ചെയ്തിട്ടുണ്ടെന്നും ഫണ്ട് ലഭ്യമായ ഉടനെ ഒന്നിച്ചുള്ള നവീകരണം നടത്തുമെന്നുള്ള മറുപടിയാണ് അധികൃതർ നൽകിയത്. അനാവസ്ഥയിൽ മനംമടുത്ത പ്രഭാത-സായാഹ്ന സവാരിക്കാർ ഞായറാഴ്ച പുനരുദ്ധാരണ പ്രവൃത്തി സ്വയം നടത്തും. ഒരു ദിവസത്തെ ജോലി കൊണ്ടുതന്നെ ഇൻറർലോക് യഥാസ്ഥാനത്ത് ഉറപ്പിക്കുകയും ഇരിപ്പിടങ്ങൾ പൂർവസ്ഥിതിയിലാക്കുകയുമാണ് മോണിങ് വാക്കേഴ്സ് ടീമി​െൻറ ലക്ഷ്യം. വിദഗ്ധ ജോലിക്കാരെയും ഉൾപ്പെടുത്തി 25ഓളം വരുന്ന മോണിങ് വാക്കേഴ്സ് അംഗങ്ങളും സന്നദ്ധ പ്രവർത്തനത്തിന് മുതിരുന്നത് അധികൃതരുടെ കണ്ണുതുറപ്പിക്കുമെന്നാണ് വിശ്വാസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.