ഉരുൾപൊട്ടി ഒഴുകിയെത്തിയ ദുരിതം നീന്തിക്കടക്കുകയാണവർ ^അഞ്ച്

ഉരുൾപൊട്ടി ഒഴുകിയെത്തിയ ദുരിതം നീന്തിക്കടക്കുകയാണവർ -അഞ്ച് കടൽ കടന്നെത്തിയ കാരുണ്യം; മൈമൂനക്കും ശോഭക്കും വീടൊരുങ്ങുന്നു സെയ്ത് തളിപ്പുഴ വൈത്തിരി: ''ആ മനുഷ്യനെ തങ്ങളുടെ അടുത്തെത്തിച്ചത് ദൈവമാണ്'' -ലക്കിടി അറമലകുന്നിലേക്ക് തിരിയുന്നിടത്തു താമസിക്കുന്ന ശോഭ പറഞ്ഞു. തകർന്നുപോയ ഇവരുടെ വീട് പുനർനിർമിച്ചു തരാമെന്നേറ്റ ബംഗളൂരു സ്വദേശി മുഷ്താഖ് ഇവർക്ക് ദൈവദൂതനാണ്. ജീവിത സമ്പാദ്യമായി ആകെയുണ്ടായിരുന്ന വീട് മണ്ണിനടിയിൽപെട്ടപ്പോൾ ഹൃദയംതകർന്ന് ആർത്തുകരഞ്ഞവരാണ് അറമലയിലെ മൈമൂനയും ശോഭയും. കടൽ കടന്നുവന്ന കാരുണ്യം മൈമൂനക്കും ശോഭക്കും നൽകിയത് ആശ്വാസത്തി​െൻറ തിരിനാളമാണ്. ദുൈബയിൽ സ്ഥിരതാമസക്കാരനായ മുഷ്താഖ് അഹമ്മദ് സിദ്ദീഖ് ഇരുവർക്കും പുതിയ വീടു നിർമിച്ചു നൽകുകയാണ്. വീടുകളുടെ പണി രണ്ടുദിവസം മുമ്പ് ആരംഭിച്ചു. രണ്ടുമാസം കൊണ്ട് പണി പൂർത്തീകരിച്ചു വീട് കുടുംബങ്ങൾക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഷ്താഖ് പറഞ്ഞു. സഹോദര​െൻറ വീട്ടിൽ താമസിക്കുന്ന മൈമൂനയും ബന്ധുവീട്ടിൽ താമസിക്കുന്ന ശോഭയും ഭർത്താവ് ചന്ദ്രനും മക്കളായ അപർണയും അമൽജിത്തും പുതിയ വീട്ടിൽ കയറിക്കൂടാനുള്ള കാത്തിരിപ്പിലാണ്. എന്നാൽ, കഴിഞ്ഞ ജൂണിൽ ചെറിയപെരുന്നാളി​െൻറ തലേന്ന് മണ്ണിടിഞ്ഞുവീണ് വീട് പൂർണമായും തകർന്ന അസീസ് സ്വന്തമായൊരു വീട് സ്വപ്നം കാണുകയാണ്. ഇതുവരെ സഹായമൊന്നും ലഭിച്ചിട്ടില്ല. അപകടത്തിൽ അസീസി​െൻറ കാലിന് പരിക്കേറ്റിരുന്നു. തകർന്ന വീടിന് സർക്കാർ സഹായധനം കിട്ടുമെന്ന് കേൾക്കാൻ തുടങ്ങിയിട്ടേറെയായെന്നു അസീസ് പറയുന്നു. ആഗസ്റ്റ് 10നാണ് ഇലയിടത് രവിയുടെ വീട് മണ്ണിനടിയിലായത്. രവിക്കും സഹായമൊന്നും ലഭിച്ചിട്ടില്ല. പത്തായത്തിങ്കൽ അബദുല്ലയുടെ വീടും മണ്ണെടുത്തിരുന്നു. ഒരു കൈത്താങ്ങുമായി ആരെങ്കിലും തങ്ങളെയും തേടിയെത്തുമെന്ന പ്രതീക്ഷയിലാണിവരെല്ലാം. വൈത്തിരി പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് മാനം കറുക്കുമ്പോൾ നെഞ്ചിൽ ആധിയാണ്. കണ്ണഞ്ചാത്ത്, വട്ടവയൽ, 12ാം പാലം, കോളിച്ചാൽ, ചാരിറ്റി, ചേരിക്കുന്ന് എന്നിവിടങ്ങളിൽ ചെറിയ മഴയിലും വെള്ളം കയറും. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ഇവിടുത്ത ജനങ്ങളെ വീണ്ടും ഭീതിയിലാക്കി. ആഗസ്റ്റിലെ പേമാരി ഏറ്റവും കൂടുതൽ ദുരിതം വിതച്ച പ്രദേശമാണ് പഴയ വൈത്തിരിക്കടുത്തുള്ള ചാരിറ്റി പ്രദേശം. ഇവിടെ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ചാരിറ്റി സ്‌കൂളിലും അതോടു ചേർന്ന ക്രിസ്തീയ ദേവാലയത്തിനും കനത്ത നാശമുണ്ടാക്കി. രണ്ടാം നിലയുടെ പകുതിവരെ വെള്ളത്തിലായി. വികാരിമാരടക്കമുള്ളവർ ഒരു ദിവസം മുഴുവനായും കെട്ടിടത്തിനു മുകളിൽ കഴിച്ചുകൂട്ടി. ഫയർഫോഴ്‌സ് ബോട്ട് ഉപയോഗിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്. സ്‌കൂളിലെ മുഴുവൻ സാധനസാമഗ്രികളും സ്‌കൂൾ ബസും ചളിവെള്ളത്തിൽ നശിച്ചു. മൊത്തം 40 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. സി.ബി.എസ്.ഇ സ്‌കൂളായതിനാൽ സർക്കാറിൽനിന്ന് സഹായമൊന്നും ലഭിച്ചില്ല. സ്വകാര്യ വ്യക്തികളിൽനിന്നും രക്ഷിതാക്കളിൽനിന്നും പിരിവെടുത്താണ് സ്കൂൾ തുറന്നുപ്രവർത്തിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം കനത്തമഴയെ തുടർന്ന് ഏറെനാൾ പൂട്ടിക്കിടന്നു. പ്രത്യക്ഷമായും പരോക്ഷമായും തടാകം ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് തളിപ്പുഴ, പൂക്കോട്, വൈത്തിരി ഭാഗത്തുള്ളവർ. ഇവരുടെ ജീവിതവും ഇതോടെ പ്രതിസന്ധിയിലായി. രണ്ടാഴ്ച മുമ്പാണ് തടാകം തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയത്. തടാകത്തെ ആശ്രയിച്ചു ജീവിക്കുന്നവരെല്ലാം പതിയെ ജീവിതതാളം കണ്ടെത്തുന്നു. വീണ്ടും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ ഇവരൊക്കെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. പ്രളയത്തിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മൂലം തകർന്നുപോയ വയനാട് ചുരം ഇപ്പോൾ അധികം പ്രശ്നങ്ങളൊന്നുമില്ലാതെ കടന്നുപോകുന്നു. ചിപ്പിലിത്തോടിനടുത്ത് തകർന്ന റോഡി​െൻറ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുന്നുണ്ട്. ഇടതടവില്ലാതെ ചീറിപ്പായുന്ന ചരക്കുലോറികളും ടിപ്പറുകളുമാണ് ചുരത്തിന് ഭീഷണിയാകുന്നത്. അനുവദിക്കപ്പെട്ടതിലും കൂടുതൽ ഭാരവുമായി പോകുന്ന ലോറികളുടെ അനിയന്ത്രിത സഞ്ചാരം ചുരത്തി​െൻറ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന് ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായി പറഞ്ഞു. (തുടരും) THUWDL15 പൂക്കോട് തടാകത്തിലെത്തിയ സഞ്ചാരികൾ THUWDL16 ലക്കിടി അറമലക്കുന്നിലെ ശോഭയും മൈമൂനയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.