ധനസഹായത്തിനുള്ള അപേക്ഷ നിരസിക്കുന്നു; കുടുംബങ്ങൾ പ്രതിഷേധത്തിന്​

കക്കോടി: ദുരിതാശ്വാസ സഹായത്തിനുള്ള അപേക്ഷയിൽ അധികൃതർ പക്ഷപാതപരമായി പെരുമാറുന്നതായി പരാതി. വീടുകൾക്ക് 10,000 രൂപ ധനസഹായത്തിനുള്ള അപേക്ഷകളിൽ വ്യാപകമായ ക്രമേക്കട് നടത്തുന്നതായാണ് ആക്ഷേപം. അർഹരായ നിരവധി കുടുംബങ്ങൾ തഴയപ്പെട്ടതോടെയാണ് ജനങ്ങൾ സംഘടിക്കുന്നത്. കക്കോടി വില്ലേജിൽനിന്ന് 1400ഒാളം പേരുടെ പട്ടിക താലൂക്കിലേക്ക് നൽകിയെങ്കിലും 520ഒാളം പേരുടേതുമാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ തന്നെ സഹായം ലഭിക്കാത്തവരുമുണ്ട്. വേങ്ങേരി വില്ലേജിൽനിന്ന് 1600 പേരുടെ പട്ടികയാണ് ആദ്യം നൽകിയതെങ്കിലും ഇതിലും പണം കിട്ടാത്തവരുണ്ട്. കക്കോടി പഞ്ചായത്തിലെ 15ാം വാർഡായ കിരാലൂരിൽ 450 വീടുകളിൽ വെള്ളം കയറിയിരുന്നു. ആഗസ്റ്റ് 15ന് രാത്രി മുതൽ 20 വരെ ദുരിതാശ്വാസ ക്യാമ്പിലായി കഴിഞ്ഞവരാണ് ഇവരിൽ ഏറെപ്പേരും. ഇതിൽ 150 പേർക്കാണ് ധനസഹായം കിട്ടിയത്. രണ്ടുദിവസത്തിൽ കൂടുതൽ വെള്ളം കെട്ടിനിന്ന് മാറിത്താമസിക്കേണ്ടിവന്നവർക്ക് സഹായം നൽകുമെന്നായിരുന്നു അറിയിപ്പ്. ഇതിലും കൂടുതൽ ദിവസം വെള്ളക്കെട്ടിലായിരുന്നു പ്രദേശത്തെ വീടുകൾ. വീട്ടുപകരണങ്ങൾക്ക് നാശനഷ്ടവുമുണ്ടായി. കുറച്ചുപേർ മാത്രം എങ്ങനെ തഴയപ്പെട്ടുവെന്നാണ് നാട്ടുകാർക്ക് മനസ്സിലാവാത്തത്. പ്രളയത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയതിനാൽ സാമ്പത്തിക സഹായത്തിന് അർഹതയുണ്ടായിട്ടും അത് ലഭിക്കാത്തവർ പരാതികളുമായി വില്ലേജ് ഒാഫിസുകളിൽ കയറിയിറങ്ങുകയാണ്. പലരും ഉദ്യോഗസ്ഥരുടെയും വാർഡ് അംഗങ്ങളുടെയും മുന്നിൽ തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്നു. മൊകവൂരിൽ മെഡിക്കൽ ക്യാമ്പ് എരഞ്ഞിക്കൽ: പ്രളയബാധിത പ്രദേശമായ മൊകവൂരിൽ മെഡിക്കൽ ക്യാമ്പ്. ഇ.കെ. നായനാർ ചാരിറ്റബ്ൾ സൊസൈറ്റിയും കോഴിക്കോട് ജില്ല സഹകരണ ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. സെപ്റ്റംബർ 14ന് രാവിലെ 10 മണി മുതൽ 1 മണി വരെ മൊകവൂരിലെ ബാസ്ക് ഹാളിലാണ് ക്യാമ്പ്. മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.