കൂട്ടായി അന്നം തേടിയിറങ്ങിയവർ അന്ത്യയാത്രയിലും കൂട്ടായി

സ്വന്തം ലേഖകൻ ഫറോക്ക്: ഉറ്റമിത്രങ്ങളായിരുന്നു അവർ. കളിയിലായാലും കാര്യത്തിലായാലും കൂട്ടംതെറ്റാത്ത കൂട്ടുകാർ. തലസ്ഥാന നഗരിയിലേക്ക് അന്നംതേടി ദിവസങ്ങൾക്കുമുമ്പ് പോയ ഇരുവരും അന്ത്യയാത്രയിലും ഒരുമിച്ചത് നാടിനെയാകെ കണ്ണീരണിയിച്ചു. തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ ഹർത്താൽ ദിനത്തിൽ അത്താഴം തേടിപ്പോകുമ്പോഴാണ് ഫറോക്ക് ചുങ്കം സ്വദേശികളായ നാലകത്ത് മൻസൂർ (31), മേലേ എടക്കാട്ട് മുഹമ്മദലി (28) എന്നിവർ ബൈക്കിടിച്ച് മരിച്ചത്. നാട്ടിലെ പൊതുപ്രശ്നങ്ങളിലൊക്കെ സജീവമായി ഇടപെട്ടിരുന്ന യുവാക്കളുടെ അപകടവിവരം രാത്രി എത്തിയതിന് പിന്നാലെതന്നെ മരണത്തിന് കീഴടങ്ങിയ വാർത്തയുമെത്തി. മൻസൂർ സംഭവസ്ഥലത്തും മുഹമ്മദലി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. പ്രദേശത്തെ റിയൽ സ്പോർട്ടിങ് ക്ലബിലൂടെ സാമൂഹിക-ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്നു ഇവർ. പോസ്റ്റ്മോർട്ടത്തിനുശേഷം അർധരാത്രിയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു. മൻസൂറിേൻറത് ചുങ്കത്തെയും മുഹമ്മദലിയുടേത് കുന്നത്ത് മോട്ടയിലെയും വീടുകളിൽ എത്തിച്ച് അടുത്തബന്ധുക്കൾക്ക് മാത്രം കാണാൻ അവസരം നൽകി. തുടർന്ന് ഇരു മൃതദേഹങ്ങളും ചുങ്കം-ഫാറൂഖ് കോളജ് റോഡിലെ ഗ്രൗണ്ടിൽ പ്രത്യേകം സൗകര്യമേർപ്പെടുത്തി പൊതുദർശനത്തിന് വെച്ചു. നിർധന കുടുംബങ്ങളുടെ അത്താണിയായിരുന്നു ഇരുവരും. പൂർണ ഗർഭിണിയായ ഭാര്യ അനീഷയും രണ്ട് പിഞ്ചു പെൺമക്കളുമാണ് മൻസൂറിനുള്ളത്. മുഹമ്മദലി അവിവാഹിതനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.