ബസ്​ബേ പദ്ധതി തുടക്കത്തിൽ ഒതുങ്ങി

കോഴിക്കോട്: നഗരത്തിൽ ബസുകൾ നിർത്താൻ വിവിധയിടങ്ങളിൽ അത്യാധുനിക ബസ്ബേകൾ പണിയാനുള്ള പദ്ധതിക്ക് തുടക്കത്തിലേ കല്ലുകടി. പദ്ധതിയുടെ ആദ്യപടിയായി ഏറെ പ്രതീക്ഷയോടെ നഗരം കാത്തിരുന്ന മൊഫ്യൂസിൽ സ്റ്റാൻഡിന് മുന്നിലെ ബസ്ബേ നിർമാണം നിലച്ചതോടെയാണിത്. മഴയും പ്രളയവുമെല്ലാം കാരണം ബസ്ബേയോടനുബന്ധിച്ചുള്ള ഒാട നിർമാണം പോലും ഇനിയും പൂർത്തിയായില്ല. പട്ടണത്തിൽ ഗതാഗതക്കുരുക്കുകൾക്ക് ശമനം തീർക്കാൻ ബസ് ബേകൾ വേണമെന്ന മേഖല നഗരാസൂത്രണ വകുപ്പി​െൻറ ബസ് ഗതാഗതപഠന റിപ്പോർട്ട് അടിസ്ഥാനത്തിലാണ് ഉചിതമായ 33 സ്ഥലങ്ങളിൽ ബസ്ബേകൾ പണിയാൻ നഗരസഭ തീരുമാനിച്ചത്. ട്രാഫിക് പൊലീസുമായി നടന്ന ചർച്ചക്കൊടുവിലായിരുന്നു തീരുമാനം. മൊഫ്യൂസിൽ സ്റ്റാൻഡിൽ മാവൂർ റോഡിൽ നിർമിക്കുന്ന ബസ് ബേ ആറു മാസം കൊണ്ട് പണി തീർക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റാൻഡിന് മുന്നിൽ നിർമാണത്തിനായി മറച്ച് കുഴിയെടുത്ത ഭാഗം മാവൂർ റോഡിൽ വലിയ തടസ്സം സൃഷ്ടിച്ച് അതേപടി തുടരുന്നു. നിർമാണം നിലച്ചതോടെ മറ്റ് ഭാഗങ്ങളിൽ പണിയാൻ നിശ്ചയിച്ച ബസ്ബേകളുടെ കാര്യവും അനിശ്ചിതത്വത്തിലായി. മാവൂർറോഡിനൊപ്പം രാജാജി റോഡിൽ ഇൻഡോർ സ്റ്റേഡിയത്തിന് സമീപവും ബസ്ബേ പണിയുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അവിടെയും പണിയൊന്നും തുടങ്ങിയിട്ടില്ല. ഇൻഡോർ സ്േറ്റഡിയത്തിന് സമീപം എട്ടും മാവൂർ റോഡിൽ പുതിയ സ്റ്റാൻഡിന് മുന്നിൽ നാലും ബസുകൾ നിർത്താൻ സൗകര്യപ്പെടും വിധമാണ് പദ്ധതി. മൊത്തം ഒരു കോടി രൂപ ചെലവിട്ട് പണിതീർക്കാനായിരുന്നു ധാരണ. ബസ് കാത്തിരിപ്പ് ഷെഡ്, നടപ്പാത, വിളക്കുകൾ, എഫ്.എം റേഡിയോ, അത്യാവശ്യ ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കുന്ന ബോർഡ്, ഒാേട്ടാറിക്ഷകൾക്കായി പ്രത്യേക ബേ തുടങ്ങിയ സൗകര്യങ്ങളെല്ലാം ഒരുക്കി നഗര മുഖച്ഛായ മാറ്റിമറിക്കുന്നതായിരുന്നു പദ്ധതി. നഗരത്തിൽ 262 ആധുനിക ബസ്ബേകൾ പണിയാൻ സൗകര്യമുള്ളതായി നേരത്തേ പഠന റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. കേരള നഗര ഗ്രാമാസൂത്രണ വകുപ്പും കാലിക്കറ്റ് എൻ.ഐ.ടിയും ചേർന്നാണ് നഗരത്തിൽ ഗതാഗതക്കുരുക്കഴിക്കുന്ന വിധം ബസ്ബേ പണിയാനുള്ള സമഗ്ര റിപ്പോർട്ട് കോർപറേഷന് കൈമാറിയത്. നഗരത്തിലെ പ്രധാനപ്പെട്ട, തിരക്കേറിയ ഇടങ്ങളിൽ ബസ്ബേ വരണമെന്നായിരുന്നു റിപ്പോർട്ടിൽ നിർദേശിച്ചത്. കോഴിക്കോട്-വയനാട് റോഡിൽ കുന്ദമംഗലംവരെ 58 ബസ്ബേകൾ പണിയാമെന്ന് റിപ്പോർട്ടിലുണ്ട്. കണ്ണൂർ റോഡിൽ എലത്തൂർവരെ 45 ഉം പുതിയങ്ങാടി-ഉള്ള്യേരി റോഡിൽ എരഞ്ഞിക്കൽവരെ 14 ഉം ഇടങ്ങളിൽ ബസ്ബേകൾ പണിയാനാവും. നിലവിലുള്ള ബസ് സ്േറ്റാപ്പുകളുടെ രേഖകൾ പരിശോധിച്ച ശേഷം, എ, ബി, സി എന്നിങ്ങനെ േഗ്രഡ് തിരിച്ച് നിർമാണം നടത്തണമെന്നായിരുന്നു ധാരണ. സ്ഥലലഭ്യതക്കനുസരിച്ച് ബസ് ബേകൾ പണിയാനായിരുന്നു നിർദേശം. പാവങ്ങാട്ട് ചണ്ടി നിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലം എ. പ്രദീപ് കുമാർ എം. എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് ആധുനിക ബസ്ബേയാക്കി മാറ്റിയത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് കൂടുതൽ ബസ്ബേകൾ വേണമെന്ന ആവശ്യം ശക്തമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.