പ്രളയബാധിതർക്ക് പുസ്തകങ്ങൾ സമ്മാനിച്ച് പുസ്തകവണ്ടി

കോഴിക്കോട്: പ്രളയത്തിൽ പാഠപുസ്തകങ്ങളും മറ്റും നഷ്ടപ്പെട്ടവർക്ക് പുതിയവ സമ്മാനിക്കാൻ 'നാട്ടുകലാകാരക്കൂട്ട'ത്തി​െൻറ പുസ്തകവണ്ടിയെത്തി. പ്രളയബാധിതരായ നാടൻപാട്ട് കലാകാരന്മാരുടെ മക്കൾക്കും മറ്റു അർഹരായവർക്കും പുതിയ നോട്ട്ബുക്കും പഠനോപകരണങ്ങളടങ്ങിയ പെട്ടിയുമായാണ് വണ്ടി കോഴിക്കോട്ടെത്തിയത്. പൊലീസ് ക്ലബ് പരിസരത്ത് നടന്ന സ്വീകരണച്ചടങ്ങിൽ ഫോക്്ലോർ കലാകാരൻ ഗിരീഷ് ആമ്പ്ര പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. രമേശ് കരിന്തലക്കൂട്ടം മുഖ്യാതിഥിയായി. തുടർന്ന് സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. പ്രളയാനന്തരം പരിപാടികൾ കഴിവതും ഒഴിവാക്കണമെന്ന് ആവശ്യപ്പെടുമ്പോഴും സ്വകാര്യ പരിപാടികൾ യഥേഷ്ടം നടക്കുന്നതായി സാംസ്കാരിക സദസ്സിൽ അഭിപ്രായമുയർന്നു. പൊതുസമൂഹത്തിനിടയിൽ പാട്ടുപരിപാടികളുമായെത്തുന്ന നാടൻകലാകാരന്മാരുൾപ്പടെ അതിജീവനത്തിനായി പ്രയാസപ്പെടുന്ന വിഷയത്തിൽ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. രാജീവൻ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ചേളന്നൂർ പ്രേമൻ, രമേഷ് ഡി. വെൺമയത്ത്, എസ്. സൂരജ് മാധവ്, നാണു പാട്ടുപുര എന്നിവർ സംസാരിച്ചു. മജീഷ് കാരയാട്, ലിഷ്ണ മണിയൂർ തുടങ്ങിയവർ പാട്ടുപാടി. തൃശൂരിൽനിന്ന് വെള്ളിയാഴ്ച പര്യടനമാരംഭിച്ച പുസ്തകവണ്ടി വയനാട്ടിലും കോഴിക്കോട്ടും പുസ്തകങ്ങൾ വിതരണം ചെയ്തു. അടുത്ത ദിവസങ്ങളിൽ മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലൂടെ സഞ്ചരിച്ച് ചെങ്ങന്നൂരിൽ സമാപിക്കും. നാട്ടുകലാകാരക്കൂട്ടം സംസ്ഥാന കൗൺസിലാണ് വിവിധയിടങ്ങളിൽനിന്ന് പുസ്തകം ശേഖരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.