ചാലിയം കടുക്ക ബസാർ കവല: കാൽ കോടിയുടെ നവീകരണം ജല അതോറിറ്റി കുളമാക്കി

ചാലിയം: കാലവർഷത്തിന് തൊട്ടുമുമ്പ് 25 ലക്ഷം രൂപ മുടക്കി നവീകരിച്ച കടുക്ക ബസാർ കവല ജല അതോറിറ്റി കുളമാക്കുന്നു. റോഡിനടിയിലൂടെ പോകുന്ന ജലവിതരണക്കുഴലിൽ ഒരുമാസം മുമ്പാരംഭിച്ച ചോർച്ചയാണ് ഇപ്പോൾ കാൽ കോടി രൂപയുടെ നവീകരണപ്രവൃത്തിയുടെ അന്തകനാകുന്നത്. കടലുണ്ടിക്കടവിലേക്കും കടലുണ്ടിയിലേക്കും വഴിമാറുന്ന കടുക്ക ബസാർ കവല എത്ര പുതുക്കിപ്പണിതാലും ആഴ്ചകൾക്കുള്ളിൽ നശിക്കുന്നത് പതിവായപ്പോഴാണ് എം.എൽ.എയായ വി.കെ.സി. മമ്മദ് കോയയുടെ പ്രത്യേക താൽപര്യത്താൽ ഉൾബന്ധിത കട്ടകൾ ഉപയോഗിച്ച് നവീകരണം നടന്നത്. കോഴിക്കോട്ടുനിന്ന് തീരദേശം വഴി തെക്കൻ ജില്ലകളിലേക്കുള്ള എളുപ്പവഴിയായതിനാൽ സദാസമയവും കണ്ടെയ്നറുകളടക്കം വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. റോഡി​െൻറ ശോച്യാവസ്ഥക്ക് പരിഹാരമായി മൂന്ന് മാസം മാത്രമായപ്പോഴാണ് ജല അതോറിറ്റിയുടെ പ്രവർത്തന'മികവ്' റോഡിനെ വെള്ളം കുടിപ്പിക്കുന്നത്. ഈ റൂട്ടിൽ അര ഡസനോളം സ്ഥലത്ത് ചോർച്ചയുണ്ടായപ്പോൾ ഒരാഴ്ച ജലവിതരണം നിർത്തിവെക്കുകയായിരുന്നു. കഴിഞ്ഞദിവസം യൂത്ത് കോൺഗ്രസ് ഇതിനെതിരെ മലാപ്പറമ്പ് ജല അതോറിറ്റി യോഗത്തിലേക്ക് തള്ളിക്കയറി പ്രതിഷേധിച്ചപ്പോൾ ചോർച്ച മാറ്റാതെതന്നെ പമ്പിങ് പുനരാരംഭിച്ചു. മറ്റിടങ്ങളിൽ റോഡ് വെട്ടിപ്പൊളിച്ച് പ്രവൃത്തി ചെയ്യുമ്പോലെ ഇവിടെ ചെയ്യാൻ പൊതുമരാമത്ത് അനുമതി നൽകിയിട്ടില്ല. കട്ടകൾ പാകിയ കവല ഒഴിവാക്കി സമാന്തര കുഴൽ സ്ഥാപിച്ച് ജലവിതരണം നടത്താനാണ് ജല അതോറിറ്റി യോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. photo kadukka bzr.jpg അടിയിലൂടെ പോകുന്ന ജലവിതരണക്കുഴലിലെ ചോർച്ചയിൽ നശിക്കുന്ന കടുക്ക ബസാർ കവല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.