ചെങ്ങോടുമല ഖനനം: നിയമസഭ പരിസ്ഥിതി സമിതി റിപ്പോർട്ട് തേടി

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിനെതിരെ ലഭിച്ച പരാതിയിൽ നിയമസഭ പരിസ്ഥിതി സമിതി ബന്ധപ്പെട്ട വകുപ്പുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. പരിസ്ഥിതി ദുർബലപ്രദേശമായ ഇവിടെ ഖനനം നടത്തിയാലുണ്ടാവുന്ന ഭവിഷ്യത്തുകൾ ചൂണ്ടിക്കാട്ടി പൗരാവകാശ സംരക്ഷണവേദി കൊയിലാണ്ടി താലൂക്ക് ചെയർമാൻ പി.ബി. അജിത്ത് നൽകിയ പരാതിയിലാണ് നടപടി. ചെങ്ങോടുമലയിൽ ഖനനം ആരംഭിച്ചാൽ പ്രദേശത്തെ ജൈവവൈവിധ്യം നശിപ്പിക്കപ്പെടും. മലയിലെ സ്വാഭാവിക ജലസ്രോതസ്സുകൾ ഇല്ലാതായി താഴ്വരയിലെ ജനങ്ങളുടെ കുടിവെള്ള ലഭ്യതയും ഇല്ലാതാകും. വംശനാശ ഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളുടേയും ഔഷധസസ്യങ്ങളുടേയും ആവാസ കേന്ദ്രമാണ് ചെങ്ങോടുമലയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ക്വാറി, ക്രഷർ പ്രവർത്തനം മൂന്ന് പഞ്ചായത്തുകളിലെ കാർഷിക മേഖലയെയും തകർക്കും. കൂടാതെ ഇത് ജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അജിത്ത് ചൂണ്ടിക്കാണിച്ചു. ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ സമിതി തീരുമാനം കൈക്കൊള്ളുമെന്ന് ഹരജിക്കാരനെ നിയമസഭ സമിതി അണ്ടർ സെക്രട്ടറി ഡി. കൃഷ്ണൻകുട്ടി അറിയിച്ചു. നിലവിൽ ചെങ്ങോടുമല ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി പുനഃപരിശോധിക്കണമെന്നും വിദഗ്ധ സമിതി പഠനം നടത്തണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് ഡി.എഫ്.ഒ, അസി. കലക്ടർ, പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫിസർ എന്നിവർ മേലധികാരികൾക്ക് കൊടുത്ത റിപ്പോർട്ടിൽ പറയുന്നുണ്ട്. ഖനനത്തിനെതിരെ പ്രദേശത്തെ ജനങ്ങൾ ശക്തമായ സമരത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.