നിപ: ദുരന്തത്തിനു തടയിട്ട ഡോ. അനൂപിന് അഭിനന്ദനപ്രവാഹം

ഉള്ള്യേരി: വൻ ദുരന്തമായിത്തീരുമായിരുന്ന രോഗത്തെ നേരത്തേ തിരിച്ചറിഞ്ഞ് മുന്‍കരുതലുകള്‍ എടുക്കാന്‍ കഴിഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗം ചീഫ് ഉള്ള്യേരി സ്വദേശി ഡോ. എ.എസ്. അനൂപ്കുമാറിന് അഭിനന്ദനപ്രവാഹം. പേരാമ്പ്രയിലെ ചങ്ങരോത്ത് സൂപ്പിക്കടയില്‍ സ്വാലിഹിനെ മേയ്‌ 17ന് പുലര്‍ച്ചയാണ് ബന്ധുക്കള്‍ ആശുപതിയിലെത്തിക്കുന്നത്. സാധാരണ മസ്തിഷ്കജ്വരത്തിന് ഉണ്ടാവാത്ത ചില ലക്ഷണങ്ങള്‍ രോഗിയില്‍ കണ്ടതോടെയാണ് നിപ വൈറസ് സാന്നിധ്യത്തിനുള്ള സാധ്യത ഉറപ്പിച്ചതെന്ന് ഡോക്ടര്‍ അനൂപ്‌കുമാര്‍ 'മാധ്യമ'ത്തോട് പറഞ്ഞു. ക്രിട്ടിക്കല്‍ കെയര്‍ മെഡിക്കല്‍ ടീം, ന്യൂറോളജിസ്റ്റ് ഡോ. സി. ജയകൃഷ്ണന്‍ എന്നിവരടങ്ങുന്ന സംഘം ലക്ഷണങ്ങള്‍ വിലയിരുത്തുകയും തുടര്‍ന്ന്‍ മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് രക്തം, മൂത്രം, ആന്തരികാവയവങ്ങളുടെ സാമ്പ്ള്‍ എന്നിവ വിദഗ്ധപരിശോധനക്ക് അയക്കുകയും ചെയ്തു. പരിശോധനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാന സര്‍ക്കാറും ആരോഗ്യവകുപ്പും യുദ്ധകാലാടിസ്ഥാനത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തു. ഉള്ള്യേരി ആനവാതില്‍ സ്വദേശിയാണ് ഡോ. അനൂപ്കുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.