പഴം കഴിച്ചവർ ആശുപത്രിയിലേക്ക്, നിന്നുതിരിയാൻ ഇടമില്ലാതെ ആശുപത്രികൾ

വിദേശത്തേക്ക് പോകാൻ യാത്രവിലക്കുണ്ടാവുമെന്ന സന്ദേശം ഒഴുകിയതോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് തരപ്പെടുത്താനും ആളുകൾ ആശുപത്രിയിലെത്തി നാദാപുരം: പനിബാധിച്ചവരുടെ മരണം വവ്വാലുകളിൽനിന്ന് പടരുന്ന നിപ വൈറസിലൂടെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ മരത്തിൽനിന്ന് വീണ പഴങ്ങൾ കഴിച്ചവർ അടക്കം ചികിത്സ തേടി ആശുപത്രിയിൽ. നാദാപുരം താലൂക്ക് ആശുപത്രി, വളയം, വാണിമേൽ, ചെക്യാട് തുടങ്ങിയ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് അഞ്ഞൂറിൽപരം ആളുകൾ ചികിത്സ തേടിയത്. മാമ്പഴക്കാലമായതിനാൽ മാവിൽനിന്ന് വീണ് ലഭിച്ച മാമ്പഴം കഴിച്ചവരും ഞാവൽ പഴം തിന്നവരും അണ്ണാൻ പൊളിച്ചു തിന്ന ചക്ക തിന്നവരുമടക്കമുള്ളവരാണ് ആശങ്കയുമായി ആശുപത്രിയിലെത്തിയത്. പനി ബാധിതരിൽ പലരും മുമ്പെങ്ങോ കഴിച്ച മാങ്ങയുടെയും ചക്കയുടെയും വിവരങ്ങളാണ് ഡോക്ടർമാരുമായി പങ്കുവെച്ചത്. ഇരുനൂറിലധികം പേരാണ് കഴിഞ്ഞ ദിവസം രാത്രിയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സക്കെത്തിയത്. പലരുടെയും പനി ഗൗരവതരത്തിലുള്ളതല്ലെന്ന് ഡോക്ടർമാർ പറയുന്നു. സമൂഹമാധ്യമങ്ങൾ വഴി ലഭിക്കുന്ന തെറ്റായ സന്ദേശങ്ങൾ അതേപടി വിശ്വസിച്ച് ചികിത്സക്ക് എത്തിയവരും ഏറെയാണ്. വിദേശത്തേക്ക് പോകാൻ യാത്രവിലക്കുണ്ടാവുമെന്ന സന്ദേശം ഒഴുകിയതോടെ മെഡിക്കൽ സർട്ടിഫിക്കറ്റ് തരപ്പെടുത്താനും ആളുകൾ ആശുപത്രിയിലെത്തി. പനിബാധിതർ എന്നു പറഞ്ഞ് കൂടുതൽ പേർ ചികിത്സ തേടിയെത്തിയത് ആശുപത്രിയിൽ പ്രവേശിപ്പിച്ച് കിടത്തി ചികിത്സ തേടിയ പനിബാധിതരെയും കൂട്ടിരിപ്പുകാരെയും പേടിപ്പെടുത്തി. വവ്വാലുകളിൽ നിന്നാണ് രോഗം പടരുന്നതെന്ന് സ്ഥിരീകരണമുണ്ടായതോെട മാവിൻ ചുവട്ടിൽ വീഴുന്ന മാമ്പഴം തിരിഞ്ഞ് നോക്കാത്ത അവസ്ഥയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.