ധനകാര്യസ്​ഥാപന ഉടമയെ ഭീഷണിപ്പെടുത്തി 4.5 ലക്ഷവും ആഭരണവും കവര്‍ന്നു

ചാവക്കാട്: പണമിടപാടുകാരനെ കത്തിമുനയിൽ നിർത്തി 4.5 ലക്ഷം രൂപയും 1.8 ലക്ഷത്തി​െൻറ സ്വര്‍ണാഭരണവും കവര്‍ന്നു. ആലപ്പുഴയിൽ സ്വകാര്യ ധനകാര്യ സ്ഥാപനം നടത്തുന്ന എഴുപുന്ന കോട്ടവള്ളി പ്രേംജിയുടെ (54) പണവും പണ്ടവുമാണ് കവർച്ച ചെയ്യപ്പെട്ടത്. വ്യാഴാഴ്ച്ച വൈകീട്ട് 6.30-ഓടെ ചക്കംകണ്ടം റോഡിലെ മാലിന്യ സംസ്കരണ പ്ലാൻറിനു സമീപത്താണ് സംഭവം. പ്രേംജി ചില പത്രങ്ങളിൽ പണയത്തിന് വെച്ച പണ്ടം തിരിച്ചെടുക്കാന്‍ സഹായിക്കുമെന്ന് കാണിച്ച് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ട് ചാവക്കാട്ട് നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞ് ഒരാള്‍ പ്രേംജിയെ ഫോണില്‍ വിളിച്ചു. പാവറട്ടിയിലെ ഒരു ധനകാര്യസ്ഥാപനത്തില്‍ പണയത്തിന് വെച്ച സ്വർണം തിരിച്ചെടുക്കാന്‍ അഞ്ച് ലക്ഷം രൂപ വേണമെന്നാണ് ഇയാള്‍ ഫോണില്‍ ആവശ്യപ്പെട്ടത്. ഇതു പ്രകാരമാണ് പ്രേംജി കാര്‍ ഡ്രൈവറും മറ്റ് രണ്ടുപേരുമായി ചാവക്കാട്ടെത്തിയത്. ഫോണില്‍ ബന്ധപ്പെട്ട ആളും മറ്റൊരാളും ചേര്‍ന്ന് ഇവരെ ആദ്യം പാവറട്ടിയിലേക്കും പിന്നീട് ഗുരുവായൂരിലേക്കും കൊണ്ടു പോയി. തുടര്‍ന്ന് പണമിടപാട് സ്ഥാപനത്തിലേക്കെന്ന് തെറ്റിദ്ധരിപ്പിച്ച് ചക്കംകണ്ടം ഭാഗത്തേക്ക് ഇവരെ കൊണ്ടുവരികയായിരുന്നു. സംഘത്തി​െൻറ പെരുമാറ്റത്തിൽ സംശയം തോന്നിയ പ്രേംജി ഡോര്‍ തുറക്കാതെ കാറില്‍ തന്നെ ഇരുന്നു. ഈ സമയം മറ്റൊരു കാറില്‍ പാഞ്ഞെത്തിയ മൂന്നുപേർ പ്രേംജിയെയും മറ്റ് രണ്ടുപേരെയും വളഞ്ഞു. കത്തികാട്ടി ഇവരുടെ കൈവശമുണ്ടായിരുന്ന അഞ്ച് ലക്ഷം രൂപയും മൂന്ന് സ്വർണ മോതിരവും ഫോണും തട്ടിയെടുത്ത അഞ്ചംഗ സംഘം നീല നിറത്തിലുള്ള കാറില്‍ പാവറട്ടി മരുതയൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടു. സംഭവത്തിൽ ചാവക്കാട് പൊലീസ് കേസെടുത്തു. ഇതേ രീതിയിൽ മുമ്പ് വടക്കേക്കാട് സ്റ്റേഷൻ പരിധിയിലും ഒരു സംഭവമുണ്ടായിരുന്നു. അതിലെ പ്രതികൾ ചുരുങ്ങിയ സമയത്തിനിടെ പൊലീസ് വലയിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.