ടവർ വാടക അഴിമതി: വിജിലൻസ് അന്വേഷണം നടത്തണം -എൽ.ഡി.എഫ്

കൊടുവള്ളി: മുനിസിപ്പാലിറ്റി ബസ്സ്റ്റാൻഡ് കെട്ടിടത്തിനു മുകളിലുള്ള മൊബൈൽ ടവർ വാടക ഇനത്തിൽ മുനിസിപ്പൽ വൈസ് ചെയർമാനും ലീഗ് നേതൃത്വത്തിലെ ചിലരും ചേർന്ന് 3.25 ലക്ഷം രൂപ തട്ടിയെടുത്തതായി എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ 2003ലാണ് മൊബൈൽ ടവർ സ്ഥാപിച്ചത്. ആദ്യം 2003-08 വരെയും പിന്നീട് 2008-11, 2011-14, 2014-17 വർഷങ്ങളിലും എഗ്രിമ​െൻറ് പുതുക്കിയിട്ടുണ്ട്. എന്നാൽ, 2017 മാർച്ചിന് ശേഷം ഇൻഡസ് ടവേർസ് ലിമിറ്റഡ് എന്ന കമ്പനി എഗ്രിമ​െൻറ് പുതുക്കുകയോ, മുനിസിപ്പാലിറ്റിയിൽ അടയ്ക്കേണ്ട മാസവാടക അടയ്ക്കുകയോ ചെയ്തിട്ടില്ല. എന്നാൽ, മുനിസിപ്പാലിറ്റിക്ക് ലഭിക്കേണ്ട 13 മാസത്തെ വാടക 3.25 ലക്ഷം രൂപ ലീഗ് നേതൃത്വത്തിലെ ചിലരുടെ ഒത്താശയോടെ മുനിസിപ്പൽ വൈസ് ചെയർമാൻ കൈവശപ്പെടുത്തിയിരിക്കുകയാണെന്നാണ് ആരോപണം. ഐഡിയ, വൊഡാഫോൺ, എയർടെൽ, റിലയൻസ്, എം.ടി.എസ് എന്നീ കമ്പനികളുടെ മൊബൈൽ സേവനങ്ങളാണ് ഈ ടവർ മുഖേന ലഭ്യമാക്കിവരുന്നത്. ടവർ പരിപാലനം നടത്തുന്ന സ്വകാര്യ ഏജൻസി വഴി 3.25 ലക്ഷം രൂപ കൈപ്പറ്റുകയും മുനിസിപ്പാലിറ്റിയുമായുള്ള എഗ്രിമ​െൻറ് പുതുക്കാതെ തിരിമറി നടത്തുകയും ചെയ്തത് ഗുരുതര കുറ്റമാണ്. ഈ കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തുന്നതിനും മുനിസിപ്പാലിറ്റി എരിയയിലെ മറ്റു മുഴുവൻ ടവറുകളുടെയും എഗ്രിമ​െൻറും ലഭിച്ചുകൊണ്ടിരിക്കുന്ന വാടകയുടെ നിജസ്ഥിതിയും സംബന്ധിച്ച് അന്വേഷിച്ച് ബന്ധപ്പെട്ടവരുടെ പേരിൽ നടപടി സ്വീകരിക്കുന്നതിന് വിജിലൻസിൽ പരാതി നൽകുമെന്നും കൗൺസിലർമാർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ നഗരസഭ സ്ഥിരം സമിതി ചെയർമാൻ കെ. ബാബു, കൗൺസിലർമാരായ വായോളി മുഹമ്മദ്, ഫൈസൽ കാരാട്ട്, ഇ.സി. മുഹമ്മദ്, ഒ.പി. റസാക്ക്, എം.പി. ശംസുദ്ദീൻ, യു.കെ. അബൂബക്കർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.