മലയോര കർഷകരെ കുടിയിറക്കില്ല ^മുഖ്യമന്ത്രി

മലയോര കർഷകരെ കുടിയിറക്കില്ല -മുഖ്യമന്ത്രി * പുതുപ്പാടിയിലെ ഭൂമി ക്രയവിക്രയ പ്രശ്നത്തിലും ആശങ്ക അകറ്റും * മുഖ്യമന്ത്രിയുടെ ഉറപ്പ് ജില്ലയിലെ സി.പി.എം നേതാക്കൾ നടത്തിയ ചർച്ചയിൽ തിരുവമ്പാടി: ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കൃഷിയിടങ്ങളിലെ ജണ്ട നടപടി നിർത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പുനൽകിയത്. മലയോര മേഖലയിൽ വർഷങ്ങളായി ഭൂമി കൈവശംവെച്ച് കൃഷിചെയ്തു വരുന്ന കൃഷിക്കാരെ ഒരു കാരണവശാലും കുടിയിറക്കില്ല. ഇതു സംബന്ധിച്ച പ്രശ്നങ്ങൾ ഗൗരവപൂർവം പരിഗണിക്കും. തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ മുത്തപ്പൻ പുഴ, മറിപ്പുഴ, കുണ്ടൻതോട് പ്രദേശങ്ങളിലെ കൃഷിക്കാരുടെ കൈവശഭൂമി വനംവകുപ്പ് സർവേ നടത്തിവരികയാണ്. 1977ന് മുമ്പ് പട്ടയം ലഭിച്ച ഭൂമി വനഭൂമിയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. ഏതാനും മാസങ്ങൾക്ക് മുമ്പ് സർവേ നടപടികളും ജണ്ട കെട്ടലും ജോർജ്. എം. തോമസ് എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നുവെന്ന് സി.പി.എം നേതാക്കൾ ചൂണ്ടിക്കാട്ടി. ഹൈകോടതി ഉത്തരവി​െൻറ പേരിൽ സർവേ നടപടി വീണ്ടും ആരംഭിച്ചിരിക്കുകയാണെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് പറഞ്ഞു. 1976ൽ യു.ഡി.എഫ് ഭരണകാലത്താണ് ഇത്തരം കർഷകദ്രോഹ നടപടി തുടങ്ങിയത്. ഇത് മറച്ചുവെച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ ഇപ്പോൾ എം.ഐ. ഷാനവാസ് എം.പിയും യു.ഡി.എഫ് നേതാക്കളും സർവേക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രിയെ കണ്ടതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. പുതുപ്പാടി പഞ്ചായത്തിലെ 18ഓളം സർവേ നമ്പറുകളിലായി 3000ത്തിലധികം ഏക്കർ സ്ഥലം ക്രയവിക്രയം ചെയ്യാനോ പണയപ്പെടുത്താനോ, വീട് ഉൾപ്പെടെ കെട്ടിടങ്ങൾ നിർമിക്കാനോ പാടില്ലെന്ന് കോഴിക്കോട് സബ് കോടതി ഇൻജങ്ഷൻ ഉത്തരവിറക്കിയിരിക്കുകയാണ്. സ്വകാര്യ വ്യക്തിയാണ് കോടതി ഉത്തരവ് സമ്പാദിച്ചത്. ഇതേ തുടർന്ന് നിരവധി കൃഷിക്കാർ ആശങ്കയിലാണ്. ഇക്കാര്യത്തിലും പരിഹാരമുണ്ടാക്കണമെന്ന് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി കൂടിയാലോചിച്ച് അഡ്വ. ജനറലിനെ പ്രത്യേകം ചുമതലപ്പെടുത്തി കർഷകരുടെ ഭയാശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ജില്ല സെക്രട്ടറി പി. മോഹനൻ, സെക്രട്ടേറിയറ്റ് അംഗം ജോർജ് എം.തോമസ് എം.എൽ.എ, ജില്ല കമ്മിറ്റി അംഗം ടി. വിശ്വനാഥൻ, മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.