സൗഹൃദത്തിന് പരിധിയില്ല; അൽക്കയും പിങ്കിയും ഒന്നിച്ചാണ് നടപ്പും കിടപ്പും

പന്തീരാങ്കാവ്: പറമ്പിൽതൊടി പ്രശാന്തി​െൻറ വീട്ടിൽ പരിധിയില്ലാത്ത സൗഹൃദവുമായി രണ്ടു പേരുണ്ട്, അൽക്കയും പിങ്കിയും. അൽക്ക രണ്ട് വയസ്സ് പ്രായമുള്ള പൂച്ചയാണ്, പിങ്കി നാലു മാസം പ്രായമുള്ള പട്ടിക്കുട്ടിയും. നടപ്പും കിടപ്പും ഭക്ഷണം കഴിക്കലുമൊക്കെ ഇരുവരുമൊപ്പമാണ്. ഇടക്ക് വാലിൽ കടിച്ചും തോണ്ടിയും ഇരുവരും ശണ്ഠകൂടും. പക്ഷേ, ആ പിണക്കത്തിനധികം ആയുസ്സുണ്ടാവില്ല. അൽക്ക ആറു മാസം മുൻപാണ് പ്രശാന്തി​െൻറ വീട്ടിലെത്തുന്നത്. പരിക്കേറ്റ് വഴിയിൽ കിടന്ന പൂച്ചയെ വീട്ടിലെത്തിച്ച് മരുന്നും ഭക്ഷണവും നൽകി പരിചരിക്കുകയായിരുന്നു പ്രശാന്ത്. രോഗം ഭേദമായപ്പോൾ താമസം അവിടെത്തന്നെയാക്കി. ഒരു മാസം മുമ്പ് വീടിനടുത്തുനിന്നാണ് ഭക്ഷണമില്ലാതെ അവശനായ പട്ടിക്കുട്ടിയേയും കിട്ടുന്നത്. വീട്ടിലെത്തിച്ച് ഭക്ഷണവും മരുന്നും നൽകി. ക്ഷീണം മാറി മിടുക്കിയായപ്പോഴാണ് അൽക്ക കളിക്കൂട്ടുകാരനായത്. വിട്ടുപോവില്ലെന്ന് ഉറപ്പായതോടെ പ്രശാന്ത് പട്ടിക്കുഞ്ഞിനെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. പ്രശാന്തി​െൻറ 'തുഷാര'ത്തിൽ ഇവർ രണ്ട് പേർ മാത്രമല്ല അതിഥികൾ. ഇരുപത്തഞ്ചോളം പൂച്ചകൾ, നായ, തത്ത എന്നിവയുമുണ്ട്. പൂച്ചകൾ പലതും സ്ഥിരതാമസക്കാർ, ചിലർ ഭക്ഷണ സമയമാവുമ്പോൾ മാത്രമെത്തുന്നവ. നായയും തത്തയുമൊക്കെ പരിക്കേറ്റ് ചികിത്സക്കെത്തിയവ തന്നെയാണ്. ഇടക്ക് ഒരു കീരിയും പരുന്തുമുണ്ടായിരുന്നു. പരിക്ക് മാറിയപ്പോൾ അവയെ വിട്ടു. ആറു വർഷം മുമ്പ് പരിക്കേറ്റ ഒരു പൂച്ചക്കുഞ്ഞിന് ചികിത്സ നൽകിയതാണ് മിണ്ടാപ്രാണികളോടുള്ള സൗഹൃദത്തി​െൻറ തുടക്കം. റോഡിൽ അപകടത്തിൽ മൃതപ്രാണനായവയെ വീട്ടിലെത്തിച്ച് ചികിത്സ നൽകുന്നത് പിന്നെ പതിവായി. എല്ലു പൊട്ടിയവക്കും പ്രത്യേക പരിചരണം വേണ്ടവർക്കും സൗകര്യമൊരുക്കി. മത്സ്യവും പാലും ആഴ്ചയിലൊരിക്കൽ ബിരിയാണിയുമൊക്കെയാണ് ഇവരുടെ മെനു. മണ്ഡലകാലത്തും 'അതിഥികളുടെ' മെനു മുടക്കാറില്ല. പെയിൻറിങ് തൊഴിലാളിയായ പ്രശാന്തി​െൻറ വരുമാനത്തി​െൻറ നല്ലൊരു പങ്ക് ഈ മിണ്ടാപ്രാണികൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പരിചരണത്തിനും സഹായത്തിനും അമ്മ ശാരദയും ഭാര്യ ശ്രീജയും മക്കളായ ജിൻസിയും പ്രിൻസിയുമുണ്ട് പ്രശാന്തിനൊപ്പം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.