തേങ്ങവില കുറയുന്നു; വില്ലൻ മൈസൂരു തേങ്ങയെന്ന്

കുറ്റ്യാടി: സീസണിൽ 46 രൂപ വരെ ലഭിച്ച പൊതിച്ച തേങ്ങ കിലോക്ക് 41 ആയി കുറഞ്ഞു. വില്ലൻ മൈസൂരു തേങ്ങയെന്ന് വ്യാപാരികൾ. മൈസൂരുവിൽനിന്ന് ഗുണനിലവാരം കുറഞ്ഞ തേങ്ങ ലോഡ് കണക്കിന് ഇറക്കി വടകര, കുറ്റ്യാടി, പേരാമ്പ്ര മേഖലകളിൽ വിൽപന നടത്തുകയാണ്. കിലോക്ക് 25 രൂപക്ക് വാങ്ങുന്ന തേങ്ങ നാടൻ ഇനത്തിൽ കലർത്തി വൻവിലക്ക് വിറ്റൊഴിക്കുന്ന ലോബി രംഗത്തിറങ്ങിയതായി വ്യാപാരികൾ പരാതിപ്പെടുന്നു. ഗുണനിലവാരം കുറഞ്ഞ മൈസൂരു തേങ്ങ കലരുന്നെന്ന കാരണം പറഞ്ഞ് നാടൻ തേങ്ങക്കും വിലയിടിയുന്ന സ്ഥിതിയാണ്. നാടൻ തേങ്ങ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലേക്കാണ് കയറ്റി അയക്കുന്നത്. കൊപ്ര അളവ് കൂടിയ കേരളത്തിലെ തേങ്ങക്ക് അവിടെ നല്ല ഡിമാൻഡാണ്. ഇളനീരാവശ്യത്തിന് കൃഷിചെയ്യുന്ന മൈസൂരു തേങ്ങയിൽ വെള്ളം കൂടുതലും കൊപ്രയുടെ അംശം കുറവുമാണ്. വെള്ളം കൂടിയതിനാൽ വലുപ്പവും തൂക്കവും കൂടും. ചിലത് ഒരുകിലോവരെ തൂക്കമുണ്ടാകും. നാടൻ തേങ്ങകൾ ഒരു കിലോ ആവാൻ രണ്ടോ മൂന്നോ വേണം. ഒരു ലോഡ് മൈസൂരു തേങ്ങ കേരളത്തിലെത്തിച്ചാൽ രണ്ടു ലക്ഷം വരെ ലാഭം നേടാൻ കഴിയുമെന്നാണ് കുറ്റ്യാടിയിലെ വ്യാപാരികൾ പറയുന്നത്. ഈ തേങ്ങ പലഭാഗത്തായി ഇറക്കി ചില്ലറയായി നാടൻ തേങ്ങയോടൊപ്പം കലർത്തി മാർക്കറ്റിൽ വിൽക്കുന്ന സംഘങ്ങളുമുണ്ട്. ഇവർക്ക് കിലോക്ക് ഏഴു രൂപ വരെ കമീഷൻ കൊടുക്കുമെന്നും പറയുന്നു. ഈ തേങ്ങ ഉൾപ്പെടെയാണ് വ്യാപാരികൾ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും കയറ്റുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.