കല്ലായിപ്പുഴയും കനോലികനാലും വൃത്തിയാക്കി നഗരമുഖച്ഛായ മാറ്റാൻ പദ്ധതി പൊതുജനങ്ങളിൽനിന്ന്​ നിർദേശം സ്വീകരിച്ചു

കോഴിക്കോട്: കല്ലായിപ്പുഴക്കും കനോലികനാലിനും പുതു മുഖച്ഛായ നൽകുന്ന പദ്ധതി ഒരുങ്ങി. കനോലി കനാൽ മുതൽ കല്ലായി പുഴവരെയുള്ള പ്രദേശത്തി​െൻറ സമഗ്രവികസനത്തിനും ജലഗതാഗതത്തിനും ഉതകുന്നവിധം ജില്ല ഭരണകൂടം തയാറാക്കിയ പദ്ധതിയുടെ രൂപരേഖയിൽ വെള്ളിയാഴ്ച പൊതുജനങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിച്ചു. ടൗൺഹാളിൽ രാവിലെ മുതൽ വൈകുന്നേരം അഞ്ചുവരെ നടന്ന പരിപാടിയിൽ വിവിധ സംഘടനകളടക്കം 42 പേർ നിർദേശങ്ങൾ സമർപ്പിച്ചു. ഇവകൂടി പരിഗണിച്ച് അന്തിമരൂപ രേഖ തയാറാക്കി നഗരസഭ കൗൺസിൽ അനുമതി ലഭിച്ച ശേഷം സർക്കാറിന് പദ്ധതി സമർപ്പിക്കും. സർക്കാർ അനുമതിക്ക് ശേഷമേ പദ്ധതി നടപ്പാക്കാനാവുള്ളൂ. എരഞ്ഞിക്കലിൽനിന്ന് തുടങ്ങുന്ന കനോലി കനാൽ മുതൽ കല്ലായി പുഴ കടലുമായി ചേരുന്ന ഭാഗം വരെ വൃത്തിയായി സൂക്ഷിച്ച് വികസനം നടപ്പാക്കുകയാണ് ലക്ഷ്യം. ഇന്ത്യൻ ഇൻസിറ്റിറ്റ്യൂട്ട് ഒാഫ് ആർക്കിടെക്ച്ചർ, ടൗൺപ്ലാനിങ് ഡിപ്പാർട്ട്മ​െൻറ്, കക്കോടി എം.ഇ.എസ് കോളജ് ഒാഫ് ആർക്കിടെക്ച്ചർ, കെ.എം.സി.ടി കോളജ് ഒാഫ് ആർക്കിടെക്ച്ചർ എന്നിവയുടെ സഹായത്തോടെയാണ് രൂപരേഖ തയാറാക്കിയത്. കല്ലായിപ്പുഴയുമായി ബന്ധപ്പെട്ട് 22 ഏക്കറോളം സ്ഥലം ൈകയേറിയതായി കണ്ടെത്തിക്കഴിഞ്ഞു. ലീസിനെടുത്ത സ്ഥലങ്ങൾ കാലാവധി കഴിഞ്ഞിട്ടും കൈവശം െവക്കുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇൗ ഭാഗങ്ങളിൽ കെട്ടിടങ്ങൾ പൊളിക്കാതെ ആധുനിക വത്കരിക്കാം എന്ന കാര്യങ്ങൾ രേഖയിലുണ്ട്. കല്ലായിപ്പുഴക്കും കനോലി കനാലിനും ഇടയിലുള്ള പ്രധാന പ്രദേശങ്ങൾ സൗന്ദര്യവത്കരിക്കും. സാധ്യമാവുന്ന ഈർച്ച മില്ലുകൾ ആധുനികവത്കരിച്ച് മരമാർക്കറ്റുകളാക്കും. ഡോ. എം.കെ. മുനീർ എം.എൽ.എ, ജില്ല കലക്ടർ യു.വി. ജോസ്, ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക്ക് തുടങ്ങിയവർ ടൗൺഹാളിലെത്തി രൂപരേഖ പരിശോധിച്ചു. കെ.എം.സി.ടി കോളജ് ഒാഫ് ആർക്കിടെക്ചറിലെ ആദ്യ ബാച്ചിലെ വിദ്യാർഥികൾ തയാറാക്കിയ മാപ്പും ടൗൺഹാളിൽ പ്രദർശിപ്പിച്ചു. കനോലി കനാൽ മുതൽ കല്ലായിപ്പുഴ വരെയുള്ള ഭാഗങ്ങളെ എട്ട് മേഖലകളാക്കി തിരിച്ചാണ് നവീകരണം. കനോലികനാലി‍​െൻറ വീതികുറഞ്ഞ കുണ്ടൂപറമ്പ്- കാരപറമ്പ് ഭാഗങ്ങളിലൂടെ ജലഗതാഗതത്തിന് സൗകര്യമൊരുക്കുമ്പോൾ നിരവധി വീടുകളെയും സ്ഥാപനങ്ങളെയും അത് ബാധിക്കും. അഴീക്കൽ ഭാഗത്ത് തുറമുഖം വേണമെന്നും നിർദേശിക്കുന്ന പ്രോജക്ട് തയാറാക്കാൻ എരഞ്ഞിക്കൽ മുതൽ അഴീക്കൽ വരെ പ്രദേശം വിദ്യാർഥികൾ സന്ദർശിച്ചിരുന്നു. നവീകരണം ജനദ്രോഹമാക്കരുതെന്നാവശ്യപ്പെട്ട് പ്രതിഷേധം കോഴിക്കോട്: കനോലി കനാൽ നവീകരണം ജനദ്രോഹമാക്കി മാറ്റരുതെന്നാവശ്യപ്പെട്ട് കനാൽ തീര ജനസംരക്ഷണ സമിതി ആഭിമുഖ്യത്തിൽ പ്രതിഷേധം. ജില്ല കലക്ടറുടെ നേതൃത്വത്തിൽ ടൗൺഹാളിൽ കനോലികനാൽ നവീകരണ രൂപ രേഖയിൽ അഭിപ്രായ സമാഹരണം നടത്തുന്നതിനിടെയാണ് ഹാളിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. ജനങ്ങളെ കുടിയൊഴിപ്പിച്ചും നിലവിലുള്ള സൗകര്യങ്ങൾ തടഞ്ഞും വികസനം ആവശ്യമില്ലെന്നും വികസനമാവാം പക്ഷേ, ജനദ്രോഹമാവരുത് എന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തായാട്ട് ബാലൻ ഉദ്ഘാടനം ചെയ്തു. ടി.വി. രാജൻ വിഷയമവതരിപ്പിച്ചു. ഹനീഫ കരിക്കാംകുളം, സുഭീഷ് ഇല്ലത്ത്, പ്രദീപ് മാമ്പറ്റ, സലീം ബാബു, ജമീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.