വടകരയിൽ മുസ്​ലിം ലീഗ്​ ഓഫിസിന്​ നേരെ ആക്രമണം

* നാട്ടുകാര്‍ കീഴല്‍ ടൗണില്‍ വിവിധ സ്ഥലങ്ങളിലായി കാമറ സ്ഥാപിച്ചു വടകര: കീഴല്‍ ചെക്കോട്ടി ബസാറിലെ മുസ്ലിം ലീഗ് ശാഖ ഓഫിസിനു നേരെ ആക്രമണം. തീവെച്ചശേഷം പെട്രോള്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ വാതില്‍ കത്തിച്ചാമ്പലായി. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഓഫിസി‍​െൻറ വാതിലിനോട് ചേര്‍ന്ന ഭാഗത്ത് ചാക്ക് കൂട്ടിയിട്ടശേഷം തീയിടുകയായിരുന്നു. വാതില്‍ കത്തിച്ച ശേഷം പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബേറില്‍ ജനലുകളും തകര്‍ന്നു. ബുധനാഴ്ച രാവിലെയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. വടകര ഡിവൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി. സര്‍വകക്ഷി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കീഴല്‍ ടൗണില്‍ പ്രകടനം നടത്തി. കീഴല്‍ ടൗണില്‍ കാമറകളും സ്ഥാപിച്ചു. ടൗണില്‍ വിവിധയിടങ്ങളിലായി ആറ് കാമറകളാണ് സ്ഥാപിച്ചത്. കാമറകളുടെ ഉദ്ഘാടനം പാറക്കല്‍ അബ്ദുല്ല എം.എല്‍.എ നിര്‍വഹിച്ചു. നാട്ടിലെ സമാധാനം തകർക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരെ ഒരുമയോടെ നിലകൊള്ളണമെന്ന് പാറക്കല്‍ അബ്ദുല്ല പറഞ്ഞു. നാട്ടുകാര്‍ അരലക്ഷം രൂപ സ്വരൂപിച്ചാണ് സി.സി.ടി.വി സ്ഥാപിച്ചത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. പുത്തൂര്‍ പ്രദീപന്‍, കാലമ്മാട്ടി ബാലന്‍, ടി.വി. കണാരന്‍, സി.പി. ബിജു പ്രസാദ്, എം.കെ. സതീശന്‍, പി.കെ. സജിത്ത്, പി.ടി. ഇല്യാസ്, കെ.കെ. സത്യനാഥന്‍, പി.പി. കുഞ്ഞബ്ദുല്ല, കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.