കോഴിക്കോട്ട്​ രണ്ടു തൊഴിലാളികൾ മരിച്ചിടത്ത്​ വീണ്ടും മണ്ണിടിച്ചില്‍

കോഴിക്കോട്: നഗരത്തിൽ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചിടത്ത് വീണ്ടും അപകടം. റാംമോഹന്‍ റോഡിൽ സ്റ്റേഡിയം ജങ്ഷനു സമീപം ബഹുനില കെട്ടിട നിര്‍മാണ സ്ഥലത്താണ് ബുധനാഴ്ച രാവിലെ മണ്ണിടിഞ്ഞത്. നിര്‍മാണം നിര്‍ത്തിെവച്ചതിനാൽ വൻ ദുരന്തം ഒഴിവായി. റോഡിനോട് ചേർന്ന നടപ്പാതവരെ ഇടിഞ്ഞിട്ടുണ്ട്. നടപ്പാതയുടെ അടിഭാഗത്തെ കല്ലും മണ്ണുമാണ് പൂര്‍ണമായും ഇടിഞ്ഞത്. ഇതോടെ നടപ്പാത ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന സ്ഥിതിയിലാണ്. ഇവിടം താൽക്കാലികമായി കയര്‍കെട്ടി അടച്ചിരിക്കുകയാണ്. നടപ്പാതക്കടിയിലെ ഒാടയിൽനിന്ന് ഒരു പൈപ്പ് മണ്ണിനടിയിലൂടെ കെട്ടിട നിര്‍മാണ സ്ഥലത്തേക്കിട്ടിട്ടുണ്ട്. ഈ പൈപ്പ് വഴി കഴിഞ്ഞദിവസം മലിനജലം ഒഴുക്കിയെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പാണ് ഒാടയിൽനിന്ന് രണ്ടു പൈപ്പുകള്‍ ഇവിടേക്കിട്ടതെന്നാണ് കെട്ടിട നിര്‍മാണം നടത്തുന്നവര്‍ പറയുന്നത്. പൈപ്പിലൂടെയുള്ള മലിനജലം കെട്ടിട നിര്‍മാണത്തിനായി കുഴിച്ച സ്ഥലത്തേക്ക് ഒഴുകിയതോടെ സമീപത്തുള്ള മണ്ണിടിയുകയായിരുന്നു. മാത്രമല്ല, കനത്തമഴ പെയ്തതോടെ റാംമോഹന്‍ റോഡിലെ വെള്ളവും ഇവിടേക്ക് ഒഴുകി. ഇതോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്ന് കെട്ടിട നിര്‍മാണം നടത്തുന്ന ഡി ആൻഡ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനി അധികൃതര്‍ പറയുന്നു. കസബ വില്ലേജ് ഓഫിസര്‍ കെ. ബീന അപകട സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി സമീപത്തെ കെട്ടിടങ്ങളിലുള്ളവര്‍ വില്ലേജ് ഓഫിസറെ അറിയിച്ചു. റാംമോഹൻ റോഡും ഭീഷണിയിലാണ്. നിലവില്‍ നടപ്പാതക്ക് സമാന്തരമായി കല്ലുകൊണ്ട് കെട്ടി മണ്ണുനിറക്കാനാണ് തീരുമാനം. വ്യാഴാഴ്ചയാണ് കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിക്കുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തത്. ഇതേതുടർന്ന് ജില്ല കലക്ടര്‍ യു.വി. ജോസി​െൻറ നിര്‍ദേശപ്രകാരം നിര്‍മാണം നിർത്തിവെക്കാനാവശ്യപ്പെട്ട് തൊഴിൽ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.