കനാൽ വഴിയെത്തുന്ന മാലിന്യം പ്രദേശവാസികൾക്ക് ദുരിതമാകുന്നു

ആയഞ്ചേരി: കനാൽ വഴിയെത്തുന്ന മാലിന്യം പരിസരവാസികൾക്ക് ദുരിതമാകുന്നു. തിരുവള്ളൂർ വിതരണ കനാൽ വഴിയെത്തുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ആയഞ്ചേരി ചേറ്റുകെട്ടി പ്രദേശത്ത് കനാൽ കരയിൽ താമസിക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. കനാലിന് കുറുകെയുള്ള നെറ്റിൽ തടഞ്ഞുനിൽക്കുന്ന മാലിന്യം കൃത്യമായി വാരിയെടുത്ത് ഒഴിവാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. പൈങ്ങോട്ടായി ഭാഗത്ത് കനാൽ വെള്ളം പൈപ്പ് വഴിയാണ് പോകുന്നത്. പൈപ്പിൽ മാലിന്യം തടഞ്ഞ് വെള്ളമൊഴുക്ക് തടസ്സപ്പെടാതിരിക്കാനാണ് നെറ്റ് സ്ഥാപിച്ചത്. നാട്ടുകാർ പരാതിപ്പെട്ടാൽ ചിലപ്പോൾ മാത്രമേ ഇവിടെനിന്ന് മാലിന്യം മാറ്റാറുള്ളൂ. പിന്നീട് ഒഴുകിയെത്തുന്ന മാലിന്യങ്ങൾ അവിടെത്തന്നെ കിടക്കുകയാണ് പതിവ്. അവ നാട്ടുകാർ വാരി കനാലി​െൻറ കരയിൽ ഇടുകയാണ് ചെയ്യുക. വർഷങ്ങളായി ഇതാണ് അവസ്ഥ. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് ഇതിലുള്ളത്. ചിലപ്പോൾ ചത്ത ജീവികളുമുണ്ടാകാറുണ്ട്. മഴക്കാലമായാൽ ഇത് കൊതുകുവളർത്തുകേന്ദ്രമായി മാറുമെന്ന ആശങ്കയാണ് നാട്ടുകാർക്കുള്ളത്. കഴിഞ്ഞ മാസം പഞ്ചായത്ത് അധികൃതർ ഇവിടത്തെ മാലിന്യം സംസ്കരണകേന്ദ്രത്തിലേക്ക് കയറ്റി അയച്ചിരുന്നു. അതിനുശേഷം ഒഴുകിയെത്തിയ മാലിന്യങ്ങളാണ് കുന്നുകൂടിക്കിടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.