ഒയിസ്​ക ഒാഫീസിൽ നിന്ന്​ കക്കൂസ്​ മാലിന്യം: പ്രതിഷേധത്തെത്തുടർന്ന്​ കുഴലുകൾ അടപ്പിച്ചു

ഒയിസ്ക ഒാഫിസിൽനിന്ന് കക്കൂസ് മാലിന്യം: പ്രതിഷേധത്തെത്തുടർന്ന് കുഴലുകൾ അടപ്പിച്ചു കോഴിക്കോട്: പരിസ്ഥിതി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സംഘടനയുടെ ഒാഫിസിൽ നിന്ന് കക്കൂസ് മാലിന്യം ഒാവുചാലുകളിൽ ഒഴുക്കിവിട്ടുവെന്നാരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകളടക്കം പ്രദേശവാസികൾ സംഘടിച്ചതോടെ പൊലീസും നഗരസഭ ആരോഗ്യവിഭാഗവും സ്ഥലത്തെത്തി ഒാടയിലേക്ക് മാലിന്യമൊഴുകിയ കുഴലുകൾ അടപ്പിച്ചു. യു.കെ.എസ് റോഡിൽ ഒയിസ്ക ഇൻറർനാഷനൽ സൗത്ത് ഇന്ത്യ ഒാഫിസിൽ ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവം. കടുത്ത ദുർഗന്ധത്തെ തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോൾ കക്കൂസ് ടാങ്ക് തുറന്ന് മാലിന്യം തൊഴിലാളികൾ നീക്കുന്നതാണ് കണ്ടത്. മാലിന്യം തൊട്ടടുത്ത് മറ്റൊരു ടാങ്കിൽ നിറക്കുന്നതായും അവിടെനിന്ന് ഒാടകളിലേക്ക് ഒഴുക്കിവിടുന്നതായുമായാണ് നാട്ടുകാരുടെ പരാതി. പ്രദേശത്ത് ഏറെക്കാലമായി ഇടക്കിടെ കടുത്ത ദുർഗന്ധമുണ്ടാവുന്നുവെന്നും പരിസ്ഥിതി സംഘടനയെന്ന നിലയിൽ ഒയിസ്കയെ സംശയിച്ചിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. മാലിന്യം ടാങ്കിൽനിന്ന് പൈപ്പ് വഴി ഒാടയിലേക്ക് ഒഴുകുന്നതായാണ് പരാതി. സ്ഥാപനത്തിന് മുന്നിലുള്ള ഒാട, മങ്ങാട്ടുവയൽ, വയലിനോട് തൊട്ടുള്ള മറ്റൊരു ഒാട എന്നിങ്ങനെ മൂന്നിടത്തേക്ക് അഴുക്കുവെള്ളം ഒഴുക്കിവിടുന്നതായാണ് ആരോപണം. നടക്കാവ് പൊലീസും മാവൂർറോഡ് സർക്കിളിൽ നിന്നുള്ള കോർപറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുറത്തേക്ക് അഴുക്കുവെള്ളമൊഴുകുന്ന മുഴുവൻ പൈപ്പുകളും അടച്ചതായും മറ്റ് നിയമനടപടികൾ വ്യാഴാഴ്ച സ്വീകരിക്കുമെന്നും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. ദിലീപ്, കെ. റിഷാദ് എന്നിവർ അറിയിച്ചു. എന്നാൽ, കക്കൂസ് കുഴലുകളിൽ തടസ്സം നീക്കാൻ തൊഴിലാളികൾക്ക് കരാർ നൽകുകയായിരുന്നുവെന്ന് ഒയിസ്ക സെക്രട്ടറി അരവിന്ദ് ബാബു പറഞ്ഞു. കക്കൂസ് ടാങ്ക് നിറഞ്ഞാൽ തൊട്ടടുത്ത് പണിത മറ്റൊരു ടാങ്കിലേക്ക് മാലിന്യം ഒഴിവാക്കാറാണ് പതിവ്. ഒാടയിലേക്കുള്ള കുഴലുകൾ മഴവെള്ളമൊഴിയാനുള്ളതാണെന്നും മാലിന്യം തുറന്നുവിട്ടുവെന്ന ആരോപണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.