മണ്ണിടിഞ്ഞ് അപകടം: നരഹത്യക്ക്​ കേസ്​

കോഴിക്കോട്: നഗരമധ്യത്തിൽ വ്യാഴാഴ്ച കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ നരഹത്യക്ക് കേസ്. കസബ പൊലീസും ദുരന്തനിവാരണ അതോറിറ്റിയും വെവ്വേറെയാണ് കേസെടുത്തത്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ബിഹാറിലെ ബേഗുസെറായി ജില്ലയിലെ ജബ്ബാർ (35), കിസ്മത്ത് (30) എന്നിവരുടെ മൃതദേഹങ്ങളാണ് ജില്ല ഭരണകൂടത്തി​െൻറ ആംബുലൻസുകളിൽ നാട്ടിലേക്കയച്ചത്. ഇവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അനുഗമിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന സംജാദ്, ജാബിർ, ഹൈദർ, മഞ്ജുലാൽ, റഫീഖ് എന്നിവർ ആശുപത്രി വിട്ടു. എന്നാൽ, മണ്ണിനടിയിൽ ഏറെനേരം കുടുങ്ങിക്കിടന്ന മുക്താർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് നാലോടെ റാം മോഹൻ റോഡിൽ സ്റ്റേഡിയം ജങ്ഷനു സമീപമാണ് അപകടം. 10 നിലകളുള്ള ഷോപ്പിങ് കം റെസിഡൻഷ്യൽ കോംപ്ലക്സാണ് നിർമിക്കുന്നത്. 25 അടിയിലേറെ താഴ്ചയിൽ മണ്ണെടുത്ത് ലിഫ്റ്റി​െൻറ ഭാഗത്ത് കോൺക്രീറ്റ് പണിക്കായി പലകയടിച്ച് കമ്പി കെട്ടവെ മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ജബ്ബാർ, കിസ്മത്ത്, മുക്താർ എന്നിവർ പൂർണമായും മണ്ണിനടിയിലായി. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കൊടുവിലാണ് ഇവരെ പുറത്തെടുത്തത്. എന്നാൽ, ജബ്ബാറിനെയും കിസ്മത്തിനെയും രക്ഷിക്കാനായില്ല. കെട്ടിടം നിർമിക്കുമ്പോഴുള്ള സുരക്ഷ മാനദണ്ഡങ്ങളൊന്നും പാലിക്കാെതയും അശാസ്ത്രീയമായുമാണ് നിർമാണം നടന്നത്. നനഞ്ഞുകുതിർന്ന മണ്ണ് ഇടിയുമെന്ന് രാവിലെ പണി തുടങ്ങുമ്പോൾതന്നെ തൊഴിലാളികൾ സൈറ്റ് എൻജിനീയർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മുഖവിലക്കെടുക്കാതെ ജോലി ചെയ്യാൻ ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.