തളരാനാവില്ല, പ്രജിത്ത്​ ഒന്നിന്​ തലസ്​ഥാനത്തേക്ക്​

കോഴിക്കോട്: വാഹനാപക‌ടത്തിൽ ശരീരം തളർന്ന പ്രജിത്ത് ജയപാൽ ഡൽഹിയിലേക്ക് ഒന്നിന് കാറോടിച്ച് തുടങ്ങും. ജീവിതം വീൽചെയറിലായവരുടെ പ്രശ്നങ്ങൾ സമൂഹ ശ്രദ്ധയിലെത്തിക്കുക, അംഗപരിമിതരുടെ പ്രശ്നങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽ കണ്ട് അറിയിക്കുക എന്നിവക്കൊപ്പം അത്തരക്കാരിൽ ആത്മവിശ്വാസമുണ്ടാക്കുകയാണ് ലക്ഷ്യം. പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷിക്കാർക്കുള്ള ആനുകൂല്യം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് സമൂഹപിന്തുണ നേടാനാണ് പതിനൊന്നായിരത്തോളം കിലോമീറ്റർ കാറോടിച്ചുപോകുന്നത്. കോഴിക്കോട് ചേവരമ്പലം സ്വദേശിയായ പ്രജിത്ത് ജയപാലിന് 2011 ഏപ്രിൽ ഒന്നിന് തൊണ്ടയാട് വാഹനാപകടത്തിലാണ് നട്ടെല്ലിന് ക്ഷതമേറ്റ് ശരീരം തളർന്നത്. രണ്ടുവർഷം തുടർച്ചയായ ആയുർവേദ ചികിത്സയിൽ ശരീരത്തിന് ചെറിയ മാറ്റം വന്നു. പിന്നീട് സാമൂഹമാധ്യമങ്ങളിൽ വിവിധ കൂട്ടായ്മകളിൽ സജീവമായി. വീൽചെയറിലായെങ്കിലും സുഹൃത്തുക്കൾക്കൊപ്പം യാത്ര നടത്തുന്ന പ്രജിത്തി‍​െൻറ നിശ്ചയദാർഢ്യമാണ് ഡൽഹിയിലേക്ക് കാറോടിക്കാനുള്ള തീരുമാനം. ഏഴുവർഷം മുമ്പ് ഏപ്രിൽ ഒന്നിനായിരുന്നു അപകടം. അതി‍​െൻറ എഴാംവാര്‍ഷിക ദിനത്തിലാണ് ഡൽഹി യാത്രയെന്ന് പ്രജിത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് രാവിലെ ഒമ്പതിന് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്‌ലാം കോളജിൽ യാത്രയുടെ ഫ്ലാഗ് ഓഫ് എം.കെ. രാഘവൻ എം.പി നിർവഹിക്കും. എം.എൽ.എമാരായ ഡോ. എം.കെ. മുനീർ, എ. പ്രദീപ്കുമാർ, സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് തുടങ്ങിയവർ എത്തും. ജെ.സി.ഐ, ട്രോമാ കെയർ കോഴിക്കോട്, റോട്ടറി എന്നിവയുടെ സഹകരണത്തോടയെുള്ള യാത്രക്ക് വിവിധയിടങ്ങളിൽ സ്വീകരണമുണ്ട്. ഏപ്രിൽ 24ന് ഡൽഹിയിലെത്തും. ടെക്നീഷ്യനും സഹായിയും പ്രജിത്തിനെ അനുഗമിക്കും. പ്രധാനമന്ത്രിക്കുവേണ്ടി വരച്ച ചിത്രം അദ്ദേഹത്തിന് സമ്മാനിക്കും. ഒരു കാൽ നഷ്ടപ്പെട്ടിട്ടും ഹിമാലയം കീഴടക്കിയ അരുണിമ സിൻഹയുമായി കൂടിക്കാഴ്ച നടത്തും. അംഗപരിമിതർക്കുള്ള തൊഴിൽമേള സംഘടിപ്പിക്കാനും പ്രജിത്തിന് പരിപാടിയുണ്ട്. ട്രോമ കെയർ പ്രസിഡൻറ് ആർ. ജയന്ത്കുമാർ, അനിൽ ബാലൻ, റോട്ടറി ബീച്ച് സെക്രട്ടറി ഷോബിത്, കോഓഡിനേറ്റർ സജീഷ് ബിനു, ടി. ഫാസിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.