നവീകരിച്ച മെഡിക്കൽ കോളജ്​ സ്​കൂളിൽ 20 പുതിയ ഡിവിഷനുകൾ കൂടി

കോഴിക്കോട്: നടക്കാവ് ഗേൾസിന് പിന്നാലെ സംസ്ഥാന പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ ഇടം നേടാൻ നഗരത്തിലെ മറ്റൊരു സർക്കാർ സ്കൂൾ കൂടി. മൊത്തം 12 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഗവ. മെഡിക്കൽ കോളജ് കാമ്പസ് ഹയർസെക്കൻഡറി സ്കൂളിൽ 20 പുതിയ ഡിവിഷനുകൾ കൂടി വരുന്നു. പുതുതായി അനുവദിച്ച ഡിവിഷനുകളുടെയും മൂന്ന് അധിക തസ്തികകളുടെയും പ്രഖ്യാപനം ശനിയാഴ്ച രാവിലെ ഒമ്പതിന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് നിർവഹിക്കും. എ. പ്രദീപ് കുമാർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ കോടി രൂപ കൊണ്ട് നിർമിക്കുന്ന പുതിയ കെട്ടിടത്തി​െൻറ പ്രവൃത്തി ഉദ്ഘാടനവും ശനിയാഴ്ച നടക്കും. മികച്ച സൗകര്യങ്ങൾ ഒരുക്കുമ്പോൾ സർക്കാർ വിദ്യാലയം എത്രത്തോളം ജനങ്ങൾക്ക് പ്രിയപ്പെട്ടതാവുമെന്നതിന് തെളിവാകുകയാണ് ഗവ. മെഡിക്കൽ കോളജ് കാമ്പസ് ഹയർസെക്കൻഡറി സ്കൂളെന്ന് എ. പ്രദീപ്കുമാർ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നവീകരിക്കുേമ്പാഴുണ്ടായ പിഴവുകൾ പരിഹരിച്ചാണ് മെഡിക്കൽ കോളജ് സ്കൂൾ മികച്ച സർക്കാർ വിദ്യാലയമാക്കുന്നത്. മണ്ഡലത്തിൽ പൊതു വിദ്യാഭ്യാസ ഉയിർത്തെഴുന്നേൽപ്പിന് നടപ്പാക്കുന്ന പ്രിസം പദ്ധതിയിലൂടെ ഭൗതിക രംഗത്തും അക്കാദമിക് രംഗത്തും നടത്തിയ മുന്നേറ്റങ്ങളിലൂടെയാണ് ഇത് നേടാനായത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.5 കോടി ഉപയോഗിച്ച് 23 ക്ലാസ് മുറികളും നഗരസഭയുടെ 1.5 കോടി ചെലവിൽ 13 ക്ലാസ് മുറികളും മറ്റ് ഫണ്ടുകളുപയോഗിച്ച് പൂന്തോട്ടം, ഗേറ്റ്, ചുറ്റുമതിൽ തുടങ്ങിയവയും പണിതു. 'കിഫ്ബി'യിൽ നിന്ന് 5.39 കോടിയുടെ നിർമാണപ്രവർത്തനങ്ങൾക്ക് അനുമതിയായിക്കഴിഞ്ഞു. സംസ്ഥാന സർക്കാറി​െൻറ നേരിട്ടുള്ള ഇടപെടലിൽ 28 ക്ലാസ് മുറികൾ ഹൈടെക്കായി. കെ.കെ. രാഗേഷ് എം.പിയുടെ വികസന ഫണ്ടിൽ നിന്ന് എട്ട് പ്രൈമറി ക്ലാസ് ഹൈടെക്കാവാൻ ഉപകരണങ്ങൾ ലഭ്യമാക്കി. സ്വാഗത സംഘം ചെയർപേഴ്സൻ നഗരസഭ കൗൺസിലർ ഷെറീന വിജയൻ, പ്രിസം കോഒാഡിനേറ്റർ വി.കെ. സതീശൻ പ്രധാനാധ്യാപിക വി.എച്ച്. ഷൈലജ, പി.ടി.എ പ്രസിഡൻറ് സി.എം. ജംഷീർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.