വനിത കമീഷനു മുന്നിലെത്തുന്നത് ഏറെയും സിവിൽ കേസുകൾ

കോഴിക്കോട്: സിവിൽ സ്വഭാവമുള്ള കേസുകൾ പരിഗണിക്കാനുള്ള ഇടമാണ് വനിത കമീഷനെന്ന ധാരണ പലർക്കുമുണ്ടെന്ന് കമീഷൻ അംഗം എം.എസ്. താര. ഇത്തരം കേസുകൾ കമീഷനു മുന്നിൽ വരേണ്ടതില്ലെന്നും അവർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന അദാലത്തിൽ വന്ന പരാതികളിൽ ഏറെയും സിവിൽ സ്വഭാവമുള്ളവയായിരുന്നു. സഹോദരങ്ങൾക്കിടയിലെ സ്വത്തുതർക്കങ്ങൾ, അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കം തുടങ്ങിയവയും ഇക്കൂട്ടത്തിലുണ്ട്. അമ്മ മരിച്ച് 13 വർഷമായിട്ടും അമ്മയുടെ സ്വത്തിനുവേണ്ടി ഒമ്പതു മക്കൾ തർക്കിക്കുന്നതുമായി ബന്ധപ്പെട്ട് 73 വയസ്സുള്ള മൂത്തമകൾ പരാതിയുമായെത്തിയിരുന്നു. കോടതികളിൽ കേസ് നടക്കുന്ന പരാതികളിൽ ചിലത് തീർപ്പാക്കിയിട്ടുണ്ട്. ഭാര്യയെയും മക്കളെയും സംരക്ഷിക്കാത്ത ഭർത്താക്കന്മാർക്കെതിരെയും പരാതികൾ ലഭിച്ചു. ഇത്തരത്തിൽ ചിലത് തീർപ്പാക്കി. വനിത കമീഷനെ ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള പരാതികൾ കിട്ടാറുണ്ടെന്ന് താര ചൂണ്ടിക്കാട്ടി. ചിലർ പരാതി നൽകുകയും അദാലത്തിൽ വിളിപ്പിച്ചാൽ ഹാജരാവാതിരിക്കുകയും ചെയ്യും. ചിലർ പരാതി നൽകി കമീഷനു മുന്നിലെത്തും മുമ്പ് എതിർകക്ഷിയുമായി സംസാരിച്ച് പരിഹാരം കണ്ടെത്തും. എന്നാൽ, ഇക്കാര്യം അറിയിക്കാൻ പലരും തയാറാവില്ലെന്നും ഇത്തരത്തിൽ അറിയിക്കാനുള്ള ബാധ്യത പരാതിക്കാർക്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അദാലത്തിൽ പരിഗണിച്ച 76 പരാതികളിൽ 27 എണ്ണം പരിഹരിച്ചു. അഞ്ച് പരാതികൾ വിവിധ അന്വേഷണങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു. 23 പരാതികളിൽ പരാതിക്കാരോ കക്ഷികളോ ഹാജരായില്ല. 21 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു. അഡ്വ. മിനി രജീഷ്, സീനിയർ സൂപ്രണ്ട് ജെയ്മോൻ എ. ജോൺ, എൻ.പി. ബിനു എന്നിവരും പങ്കെടുത്തു. ബോക്സ്... പ്രിൻസിപ്പലിനും പ്രധാനാധ്യാപകനുമിടയിൽ മൂപ്പിളമ തർക്കം; റിപ്പബ്ലിക് ദിനത്തിൽ പതാക ഉയർത്തിയതിനെച്ചൊല്ലി പരാതി കോഴിക്കോട്: റിപ്പബ്ലിക് ദിനത്തിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലാണോ ഹൈസ്കൂളിലെ പ്രധാനാധ്യാപകനാണോ പതാക ഉയർത്താൻ അവകാശം എന്നതിനെച്ചൊല്ലി വനിത കമീഷനു മുന്നിൽ പരാതി. കുന്ദമംഗലം ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്നാണ് വിചിത്രമായ പരാതിയെത്തിയത്. വനിതയായ പ്രിൻസിപ്പലി​െൻറ പരാതിയിൽ വകുപ്പുതലത്തിൽ പരിഹാരം കാണാൻ കമീഷൻ നിർദേശിച്ചു. ആഘോഷദിനങ്ങളിൽ പതാക ഉയർത്താനുള്ള ചുമതല പ്രിൻസിപ്പലിനും പ്രധാനാധ്യാപകനും അതത് വകുപ്പുകൾ നൽകിയിട്ടുണ്ട്. എന്നാൽ, പ്രസ്തുത സ്കൂളിൽ പതാക ഉയർത്തുന്നത് ആരെന്നതിെനച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതേതുടർന്ന് റിപ്പബ്ലിക് ദിനത്തി​െൻറ തലേന്ന് പി.ടി.എ ജനറൽ ബോഡി ചേർന്ന് പ്രിൻസിപ്പൽ പതാക ഉയർത്തട്ടെ എന്നു നിർദേശിച്ചു. യോഗത്തിൽ പങ്കെടുക്കാത്ത പ്രധാനാധ്യാപകൻ പിറ്റേദിവസം വന്ന് പതാക ഉയർത്തുകയായിരുന്നു. ഇതാണ് പരാതിക്കിടയാക്കിയത്. എന്നാൽ, ഇത്തരം കേസുകൾ വനിത കമീഷൻ പരിശോധിക്കേണ്ടതല്ലെന്നു കമീഷനംഗം അഡ്വ. എം.എസ് താര ചൂണ്ടിക്കാട്ടി. വിഷയത്തി​െൻറ ഗൗരവം ഇരുവരെയും ബോധ്യപ്പെടുത്തി. ഇങ്ങനെയുള്ളവർ എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുകയെന്ന ആശങ്കയും അവർ പിന്നീട് മാധ്യമപ്രവർത്തകരോട് പങ്കുവെച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.