യുവാവിനെ ആക്രമിച്ച് പണവും വാഹനവും തട്ടിയ കേസിൽ നാലുപേർ പിടിയിൽ

ചവറ: യുവാവിനെ മർദിച്ച് പണവും ബൈക്കും തട്ടിയ സംഘത്തെ ചവറ പൊലീസ് പിടികൂടി. ഒരാഴ്ചയായി നടക്കുന്ന അന്വേഷണത്തിനൊടുവിലാണ് പ്രതികളെ വലയിലാക്കിയത്. തിരുവനന്തപുരം ചിറയിൻകീഴ് പറയത്തുകോണം നസീർ മൻസിലിൽ നസീർ (44), കോഴിക്കോട് കുന്ദമംഗലം പണിയ്ക്കരങ്ങാടി ദാറുൽ ഫനയിൽ ഹസീബ് (26), ആലപ്പുഴ അമ്പലപ്പുഴ പുന്നപ്ര വടക്ക് ആപ്പൂരിൽ വെളിയിൽ വീട്ടിൽ ഭഗവാൻ അനീഷ് എന്ന അനിൽകുമാർ (38), തിരുവനന്തപുരം നെടുമങ്ങാട് ചാവർകോട് റോഡരികിൽ വീട്ടിൽ (എ.ആർ മൻസിൽ) റജിഹാൻ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചിന് തഴവ കടത്തൂർ കാവിൽ മുനീറിനെ (35) ശങ്കരമംഗലം കോയിവിള റോഡിൽ കാരാളി ജങ്ഷന് സമീപം വെച്ച് കാറിലെത്തിയ സംഘം ആക്രമിച്ചശേഷം ബൈക്കും 50000 രൂപയും കവരുകയായിരുന്നു. ബാങ്കിൽനിന്ന് പിൻവലിച്ച പണം ചവറയിലെ സഹോദരിയുടെ വീട്ടിൽ നൽകാൻ വരുേമ്പാഴാണ് കവർച്ച നടന്നത്. പ്രതികൾ ചേർത്തലയിൽനിന്ന് വിളിച്ച കാറിലായിരുന്നു എത്തിയത്. കാർ ഡ്രൈവറെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കവർച്ചക്കുമുമ്പ് കൊല്ലത്ത് പോയ സംഘം തിരിച്ചുവരുംവഴി ശക്തികുളങ്ങര എ.ടി.എമ്മിൽ കയറിയിരുന്നു. ഇവിടത്തെ സുരക്ഷാ കാമറയിൽനിന്നും ദേശീയപാതക്കരികിൽ സ്ഥാപിച്ചിട്ടുള്ള കാമറകളിൽനിന്നും ലഭിച്ച വിവരങ്ങൾ വഴിത്തിരിവായി. പ്രതികൾ കോയമ്പത്തൂരുണ്ടെന്നറിഞ്ഞെത്തിയ ചവറ പൊലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഹസീബ്, അനീഷ് എന്നിവർ പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിൽ റജിഹാനെ പാലക്കാടുനിന്നും നസീറിനെ ആറ്റിങ്ങൽനിന്നുമാണ് പിടികൂടിയത്. യുവാവിൽനിന്ന് തട്ടിയെടുത്ത ബൈക്ക് കായംകുളത്തിന് സമീപം ഉപേക്ഷിച്ചതായി പ്രതികൾ പൊലീസിനോട് പറഞ്ഞു. ഇവരുടെ കൈവശമുണ്ടായിരുന്ന ഇന്നോവ കാറും കസ്റ്റഡിയിലെടുത്തു. ചവറ എസ്.എച്ച്.ഒ ഗോപകുമാർ, എസ്.ഐ സുഖേഷ്, ഗ്രേഡ് എസ്.ഐമാരായ ആനന്ദൻ, സുനിൽ, എ.എസ്.ഐ എം.എസ്. നാഥ്, സി.പി.ഒ തമ്പി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.