എൻജിൻ തകരാർ: എണ്ണക്കപ്പൽ കെട്ടിവലിച്ച് കൊച്ചിയിലേക്ക് എത്തിക്കാൻ നീക്കം

ബേപ്പൂർ: എൻജിൻ തകരാറിലായതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട എണ്ണക്കപ്പൽ ടഗ്ഗ് ഉപയോഗിച്ച് കെട്ടിവലിച്ചു കൊച്ചി കപ്പൽശാലയിൽ എത്തിക്കാൻ നീക്കം തുടങ്ങി. മംഗലാപുരം തുറമുഖത്തുനിന്ന് കെട്ടിവലിക്കാനുള്ള ടഗ്ഗ് നേരെ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. തുറമുഖ കസ്റ്റംസ് എമിഗ്രേഷൻ ഉദ്യോഗസ്ഥരും കപ്പൽ സാങ്കേതിക വിദഗ്ധരും ആഴക്കടലിൽ ഒഴുക്കിൽപ്പെട്ട കപ്പലിലേക്ക് ഈ ടഗ്ഗിൽ വെള്ളിയാഴ്ച രാവിലെ യാത്രതിരിക്കാനാണ് പരിപാടി. ഇതുപോലുള്ള അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കാൻ പര്യാപ്തമായ അത്യാധുനിക ടഗ്ഗ് ആറു കോടി രൂപ ചെലവു ചെയ്തു ഗോവ കപ്പൽശാലയിൽനിന്ന് ബേപ്പൂർ തുറമുഖത്തിന് വേണ്ടി മാത്രമായി അനുവദിച്ചത് മാസങ്ങളായി തുറമുഖത്തില്ല. ഈ കാരണത്താലാണ് കപ്പലിനെ കെട്ടിവലിക്കാൻ പര്യാപ്തമായ ടഗ്ഗിനെ മംഗലാപുരത്തുനിന്ന് എത്തിക്കേണ്ടി വന്നത്. ഏഴ് ദിവസമായി പുറംകടലിലെ അന്താരാഷ്ട്ര സമുദ്രപാതയിൽ 'അഥീന' എന്ന വിദേശ എണ്ണക്കപ്പലാണ് ലക്ഷ്യമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നത്. 50 മീറ്ററിൽ അധികം ആഴമുള്ള കപ്പൽച്ചാലിൽ വെച്ച് എൻജിൻ നിലച്ചതിനാൽ നങ്കൂരമിടാൻ കഴിയാത്ത നിലയിലാണെങ്കിലും കപ്പലിനെ ഒഴുക്കിൽനിന്ന് പിടിച്ചു നിർത്താൻ നീളമേറിയ വടം ഉപയോഗിച്ച് നങ്കൂരമിട്ടെങ്കിലും ഫലം കണ്ടില്ല. കടലി​െൻറ അടിത്തട്ടിൽ നങ്കൂരം ഉറക്കാതെ കപ്പൽ വീണ്ടും ഒഴുകുകയാണെന്ന് ജീവനക്കാർ അറിയിച്ചു. എൻജിനിൽ ഘടിപ്പിച്ചിട്ടുള്ള ഹൈഡ്രോളിക് സംവിധാനത്തി​െൻറ പിഴവു മൂലമാണ് കപ്പലി​െൻറ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ക്യാപ്റ്റൻ ഗുൽസാർ അഹമദ് നേരത്തേ തന്നെ കപ്പൽ ഏജൻസി അധികൃതരെ അറിയിച്ചിരുന്നു. സിംഗപ്പൂരിൽനിന്നും മുംെബെയിലേക്ക് വരുന്ന വഴിയാണ് കപ്പലി​െൻറ എൻജിൻ നിലച്ചു പോയത്. കപ്പിത്താൻ ഉൾപ്പെടെ 18 പാകിസ്താൻ സ്വദേശികളാണ് ജീവനക്കാർ. ശനിയാഴ്ച വൈകീട്ട് എൻജിൻ നിലച്ചതിനെ തുടർന്ന് കപ്പലി​െൻറ നിയന്ത്രണം നഷ്ടപ്പെട്ട വിവരം കപ്പിത്താൻ ബേപ്പൂർ പോർട്ട് ഓഫിസറെയും കപ്പൽ ഏജൻസി അധികൃതരെയും വിവരമറിയിക്കുകയായിരുന്നു. വിവരം കിട്ടിയ ഉടനെ തന്നെ ബേപ്പൂരിൽ നിന്നും കൊച്ചിയിൽ നിന്നും ഉള്ള കോസ്റ്റ് ഗാർഡ് കപ്പലുകൾ കപ്പലിന് അടുത്തേക്ക് യാത്ര തിരിച്ചു. എന്നാൽ, കരയിൽനിന്നും 35 നോട്ടിക്കൽ മൈൽ അകലെയുള്ള വിദേശ കപ്പലിൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കേണ്ടതിനാൽ ആദ്യ നടപടിയെന്നോണം ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പലിന് ചുറ്റും കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കയാണ്. ശനിയാഴ്ച പൊന്നാനിയിൽനിന്നും 35 നോട്ടിക്കൽ മൈൽ അകലെയായിരുന്ന കപ്പൽ ഇപ്പോൾ ഒഴുകി 55 നോട്ടിക്കൽ മൈൽ അകലെ എത്തിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.