മേപ്പയൂരിൽ പോസ്​റ്റ്​ ഒാഫിസ് പ്രവർത്തനം അവതാളത്തിൽ

മേപ്പയൂർ: സബ് പോസ്റ്റ് ഒാഫിസിൽ ഇൻറർനെറ്റ് കണക്ടിവിറ്റി തകരാറിലായത് കാരണം മാസത്തിലേറെയായി പ്രധാന സേവനങ്ങൾ ലഭ്യമാകാത്തത് ജനങ്ങളെ ദുരിതത്തിലാക്കി. പോസ്റ്റ് ഒാഫിസിൽ അക്കൗണ്ടുള്ള തൊഴിലുറപ്പ് തൊഴിലാളികൾ ഒന്നരമാസമായി പണം ലഭിക്കാതെ നെട്ടോട്ടമോടുകയാണ്. ബാങ്കുകളിൽ അക്കൗണ്ടുള്ളവർക്ക് നേരത്തെ മുഴുവൻ പണവും കൈയിലെത്തിയിരുന്നു. പുതിയ റക്കറിങ് െഡപ്പോസിറ്റ് അക്കൗണ്ടുകൾ തുടങ്ങാൻ കഴിയാത്തതും ഇടപാടുകൾ നടക്കാത്തതും കാരണം അക്കൗണ്ട് ഉടമകളും ആർ.ഡി ഏജൻറുമാരും നിരന്തരം പോസ്റ്റ് ഒാഫിസിലെത്തി നിരാശരായി മടങ്ങുകയാണ്. സിഫി എന്ന സ്വകാര്യ ഏജൻസിയാണ് പോസ്റ്റ് ഒാഫിസുകളിൽ നെറ്റ് കണക്ടിവിറ്റി നൽകുന്നത്. ഇടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതി​െൻറ ഭാഗമായാണ് ഇന്ത്യ പോസ്റ്റിന് മാത്രമായി നെറ്റ് കണക്ടിവിറ്റി സംവിധാനം ഒരുക്കിയതെങ്കിലും ഇത് വിനയായി. സിഫി നൽകുന്ന ഇൻറർനെറ്റ് കണക്ടിവിറ്റി മോഡം കേടാവുമ്പോൾ നന്നാക്കുന്നതിനോ പകരം സവിധാനം ഏർപ്പെടുത്തുന്നതിനോ ഏജൻസിക്ക് കഴിയാറില്ല. മുമ്പ് മേപ്പയൂർ പോസ്റ്റ് ഒാഫിസിൽ മോഡം കേടായിട്ട് രണ്ടര മാസത്തോളം സേവനങ്ങൾക്ക് ഭംഗം വന്ന നിലയിലായിരുന്നു. മേപ്പയൂർ പോസ്റ്റോഫീസിന് കീഴിലുള്ള മുയിപ്പോത്ത്, ചെറുവണ്ണൂർ, കൂട്ടോത്ത്, ആവള, കൽപ്പത്തൂർ, കാരയാട്, കൊടുക്കല്ലൂർ, കീഴ്പയ്യൂർ എന്നീ എട്ട് ബ്രാഞ്ച് പോസ്റ്റ് ഒാഫിസുകളുടെ പ്രവർത്തനത്തേയും ഈ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം, പെൻഷനുകൾ, സുകന്യ സമൃധി യോജന, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള ഗുണഭോക്തൃ വിഹിതം എന്നിവ ലഭിക്കേണ്ട ഉപഭോക്താക്കൾ പണം കിട്ടാതെ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സാങ്കേതിക സംവിധാനങ്ങൾ ഇത്രയും വികസിച്ച കാലത്ത് ആഴ്ചകളും, മാസങ്ങളും കഴിഞ്ഞിട്ടും നെറ്റ് കണക്ടിവിറ്റി ശരിയാക്കാനാവുന്നില്ലെന്നത് ജനങ്ങളെ ക്ഷുഭിതരാക്കുന്നുണ്ട്. പല ദിവസങ്ങളിലും ഇടപാടുകാരും ജീവനക്കാരുമായും തർക്കങ്ങളും വാക്കേറ്റവും പതിവാകുകയാണ്. മാർച്ച് മാസമായതിനാൽ പലർക്കും നികുതി റിട്ടേൺ കൊടുക്കേണ്ടുന്ന സമയമാണ്. നികുതി ഇളവ് ലഭിക്കുന്ന നാഷനൽ സേവിങ് സർട്ടിഫിക്കറ്റ് എടുക്കാൻ വരുന്നവർ അതിന് കഴിയാതെ മടങ്ങുകയാണ്. ആധാർ ലിങ്കിങ്ങും സാധ്യമാകാത്ത നിലയിലാണ്. മണി ഓർഡർ സേവനങ്ങൾ പോലും മൂന്നും നാലും ദിവസം വൈകിയാണ് ലഭ്യമാക്കുന്നത്. സിഫി കമ്പനിക്ക് ഇന്ത്യ മുഴുവനുമുള്ള പോസ്റ്റ് ഒാഫിസ് സംവിധാനങ്ങൾക്ക് സമയബന്ധിതമായി സേവനം നൽകാനുള്ള അടിസ്ഥാന സംവിധാനങ്ങൾ ഇല്ലാത്തതാണ് ഈ അനുഭവങ്ങൾ തെളിയിക്കുന്നത്. കേടായ മോഡത്തിന് സ്പെയർ നൽകാൻ പോലും ഈ കമ്പനിക്ക് കഴിയുന്നില്ല. നിരവധിപേർ ആശ്രയിക്കുന്ന പോസ്റ്റ് ഒാഫിസ് സേവനങ്ങൾ ലഭ്യമാക്കുന്ന നെറ്റ് കണക്ടിവിറ്റി നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നതിൽ ജനങ്ങൾ രോഷാകുലരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.