ന്യൂനമർദം ബേപ്പൂര്‍ തുറമുഖത്ത് അതിജാഗ്രത; ലക്ഷദ്വീപിലേക്കുള്ള സർവിസ് താൽക്കാലികമായി നിര്‍ത്തിവെച്ചു

ന്യൂനമർദം: ബേപ്പൂര്‍ തുറമുഖത്ത് അതിജാഗ്രത; ലക്ഷദ്വീപിലേക്കുള്ള സർവിസ് താൽക്കാലികമായി നിര്‍ത്തിവെച്ചു ബേപ്പൂർ: ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം കാരണം ബേപ്പൂരിലെ തീരദേശ പ്രദേശങ്ങളിൽ അതിജാഗ്രത നിര്‍ദേശം നൽകി. ലക്ഷദ്വീപിലേക്കുള്ള എല്ലാ സർവിസുകളും താൽക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം തുറമുഖത്തെത്തിയ ലക്ഷദ്വീപ് യാത്രക്കപ്പലായ 'മിനിക്കോയ്' ബുധനാഴ്ച ദ്വീപ് യാത്രക്കാരുമായി പുറപ്പടേണ്ടതായിരുന്നു. എന്നാൽ, കടൽ പ്രക്ഷുബ്ധമായതിനാൽ താൽക്കാലികമായി ബേപ്പൂർ തുറമുഖത്ത് പിടിച്ചിട്ടിരിക്കയാണ്. ഇനി കാലാവസ്ഥ അനുകൂലമായാൽ മാത്രമേ കപ്പൽ യാത്രതിരിക്കുകയുള്ളൂ. തിരമാലകള്‍ 3.2 മീറ്റര്‍ വരെ ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുള്ളതിനാൽ ബേപ്പൂര്‍ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്കുള്ള എല്ലാ സർവിസുകളും താൽക്കാലികമായി നിര്‍ത്തിവെച്ചതായി ബേപ്പൂർ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അശ്വനി പ്രതാപ് അറിയിച്ചു. കടലില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ മന്ത്രാലയം നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്. കപ്പലുകൾക്കും മറ്റ് ജലയാനങ്ങൾക്കും കാലാവസ്ഥ ജാഗ്രത മുന്നറിയിപ്പ് നൽകുന്ന അതിജാഗ്രത സംവിധാനമായ മൂന്നാം നമ്പർ സിഗ്നൽ സംവിധാനം ചൊവ്വാഴ്ച ഉയർത്തി. ബേപ്പൂർ മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗവും കോസ്റ്റൽ പൊലീസും ചേർന്ന് പൊലീസ് ബോട്ട് ഉപയോഗിച്ച് മുന്നറിയിപ്പ് നൽകുന്നതിനായി പട്രോളിങ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ ബേപ്പൂർ തുറമുഖത്തുനിന്ന് കടലിലേക്ക് മത്സ്യബന്ധനത്തിനായി നിരവധി ബോട്ടുകൾ പുറപ്പെട്ടതായാണ് വിവരം. ഇതിൽ നൂറോളം ബോട്ടുകൾ ഉൾക്കടലിൽനിന്ന് ബേപ്പൂരിൽ തിരിച്ചെത്താനുള്ളതാണ്. ചില ബോട്ടുകൾ മഹാരാഷ്ട്ര, മംഗളൂരു തുടങ്ങിയ ഹാർബറുകളിൽ പ്രവേശിച്ച് സുരക്ഷ ഉറപ്പാക്കിയതായി വിവരം ലഭിച്ചിട്ടുണ്ട്. ചുഴലിക്കാറ്റായി മാറാവുന്ന തരത്തിലുള്ളതാണ് ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം. മറൈൻ എൻഫോഴ്സ്മ​െൻറ് വിഭാഗം ഉദ്യോഗസ്ഥരും ഫിഷറീസ്, കോസ്റ്റൽ ഉദ്യോഗസ്ഥരും ബോട്ടുകളിലുള്ള തൊഴിലാളികളെ വയർലെസ് സന്ദേശങ്ങളിലൂടെ എത്രയും പെെട്ടന്ന് ഏറ്റവും അടുത്ത ഹാർബറുകളിൽ അടുപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അപകട മുന്നറിയിപ്പുകൾ നൽകിക്കൊണ്ടുള്ള അനൗൺസ്മ​െൻറ് സംവിധാനങ്ങളും തീരപ്രദേശങ്ങളിൽ നടത്തിയിട്ടുണ്ട്. ഫിഷറീസ് ഡിപ്പാർട്മ​െൻറ് വാഹനത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലും പ്രധാന തുറമുഖങ്ങളിലും ഫിഷ് ലാൻഡിങ് സ​െൻററുകളിലും അനൗൺസ്മ​െൻറ് നടത്തി. കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ബേപ്പൂരുമായി ബന്ധപ്പെട്ട് വടക്കുഭാഗത്ത് കടലിലുള്ള യാനങ്ങൾക്ക് കരയിലേക്ക് മടങ്ങാൻ അടിയന്തര നിർദേശം നൽകി. ഇതിന് പുറമെ കോസ്റ്റൽ പൊലീസുമായി ബന്ധപ്പെട്ട് കടലോര ജാഗ്രത സമിതികൾ വഴി എല്ലായിടത്തും വിവരമറിയിച്ചതായി മറൈൻ എൻഫോഴ്സ്മ​െൻറ് അറിയിച്ചു. photo: minikoy ship.jpg കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബേപ്പൂർ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ലക്ഷദീപിലേക്ക് പുറപ്പെടാനിരുന്ന മിനിക്കോയ് കപ്പൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.