ഉപയോഗിക്കുന്നില്ല; വേളത്ത് കയർ ഭൂവസ്​ത്രം വ്യാപകമായി നശിക്കുന്നു

കുറ്റ്യാടി: കനാൽ സംരക്ഷണത്തിനും തോട് സംരക്ഷണത്തിനും വേളത്ത് എത്തിച്ച ലോഡുകണക്കിൽ കയർ ഭൂവസ്ത്രം ഉപയോഗിക്കാതെ നശിക്കുന്നു. ഇതിൽ കഴിഞ്ഞവർഷം ഇറക്കിയതും ഈ വർഷം ഇറക്കിയതും പെടും. വലകെട്ടിൽ തിരിക്കോത്ത്മുക്കിലെ തോടിന് വിരിക്കാൻ കഴിഞ്ഞവർഷം കൊണ്ടുവന്ന ലോഡിലേറെ കയർ ഭൂവസ്ത്രം കാലപ്പഴക്കം കാരണം പെടിഞ്ഞുതീരുകയാണ്. തോട് വ്യാപകമായി ഇടിയുന്നുണ്ടങ്കിലും കഴിഞ്ഞ വേനലിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം വിരിക്കാൻ കൊണ്ടുവന്ന ഇവ തീരെ ഉപയോഗിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ടാർപോളിൻകൊണ്ട് ഇത് മൂടിവെച്ചിട്ടുണ്ടെങ്കിലും ഉപയോഗ യോഗ്യമല്ലാതായെന്ന് പറയുന്നു. വേളം ഈസ്റ്റ് ഫീൽഡ് ബൂത്തിയുടെ സംരക്ഷണത്തിന് ഇത്തവണ കയർ വിരിച്ചെങ്കിലും പാതിദൂരം വിരിക്കുമ്പോഴേക്കും ഭൂവസ്ത്രം തീർന്നു. കളരിക്കണ്ടി താഴെവരെ മാത്രമാണ് വിരിച്ചത്. തറവട്ടത്ത്താഴ മുതൽ എടത്തിൽ താഴെവരെ അരകിലോമീറ്ററോളം വിരിക്കാൻ ബാക്കിയാണ്. അതിനായി വീണ്ടുമെത്തിയ ഭൂവസ്ത്രമാണ് ഉപയോഗിക്കാതെ വലകെട്ട് റേഷൻഷാപ്പിനടുത്ത് പല സ്ഥലങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ചിതൽതിന്നും വാഹനങ്ങൾ തട്ടിയും ഇവ നശിച്ചുതീരുകയാണ്. വേളം പഞ്ചായത്തിൽ മുൻ ഭരണസമിതിയുടെ കാലത്ത് കുരുടയിൽതാഴ തോടിന് കയർ ഭൂവസ്ത്രം വിരിച്ചിരുന്നു. എന്നാൽ, തൊഴിലുറപ്പ് പദ്ധതിപ്രകാരം വിരിച്ച കയർ മുഴുവൻ പുതുക്കം മാറുംമുമ്പെ എടുത്തുമാറ്റി പകരം കൃഷിവകുപ്പി​െൻറ ആഭിമുഖ്യത്തിൽ കരിങ്കൽ ഭിത്തി പണിയുകയായിരുന്നു. കരിങ്കല്ല്, സിമൻറ് എന്നിവ ഉപയോഗിക്കുന്നതിനേക്കാൾ പ്രകൃതിക്ക് അനുയോജ്യമാണെന്ന് വലിയ പ്രചാരണം നടത്തിയാണ് കയർ ഭൂവസ്ത്രം വിരിച്ചത്. കുറ്റ്യാടി ചെറുപുഴയിലും ഏതാനും മീറ്റർ ദൂരം വലിയ പ്രചാരണം നടത്തി കയർ വിരിച്ചെങ്കിലും ബാക്കി വിരിച്ചില്ല. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള പദ്ധതിയായതിനാൽ കരാറുകാർ ഇടപെട്ട് ഇത്തരം പരിപാടികൾ അട്ടിമറിക്കുകയാണെന്ന് പരക്കെ പ്രചാരണമുണ്ട്. പ്ലാസ്റ്റിക്കി​െൻറ കടന്നുകയറ്റം കാരണം വിപണി കുറഞ്ഞ കയർ ഉൽപന്നങ്ങൾക്ക് കയർ ഭൂവസ്ത്രം വഴി വരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.