കൊടും ചൂട്: കാട്ടുതീ ഭീഷണിയിൽ മലയോരം

* തിരുവമ്പാടി തുമ്പക്കോട്ട് മലയിൽ തീപടർന്ന് നാശനഷ്ടം തിരുവമ്പാടി: കൊടും ചൂടിൽ മലയോരമേഖലയിൽ കാട്ടുതീ ഭീഷണി. തിരുവമ്പാടി തുമ്പക്കോട് മലയിൽ തിങ്കളാഴ്ച വൈകീട്ട് തീ പടർന്നത് നാട്ടുകാരെ ആശങ്കയിലാക്കിയിരുന്നു. കശുമാവിൻ തോട്ടത്തിലെ തീ സമീപത്തെ റബർ തോട്ടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുമ്പക്കോട്‌ മലയുടെ അത്തിപ്പാറ ഭാഗത്താണ് തീ പടർന്നത്. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുക്കത്ത് നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്. രാത്രിയിൽ മണിക്കൂറുകൾ പരിശ്രമിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ അഗ്നിശമന സേന തീ അണച്ചത്. കിഴക്കേപറമ്പിൽ ജോസ്, കിടക്കേപറമ്പിൽ ബെന്നി, പാറാങ്കൽ ബേബി, വെട്ടികുളങ്ങര ബെന്നി തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് അഗ്നിബാധയിൽ നാശനഷ്ടമുണ്ടായത്. കത്തുന്ന വേനൽ വനത്തിലും കൃഷിയിടങ്ങളിലും അഗ്നിബാധക്ക് കാരണമാകുമോയെന്ന ആശങ്കയിലാണ് കർഷകർ. തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപഞ്ചായത്തുകളിലെ മുത്തപ്പൻപുഴ, വെള്ളരിമല, പൂവാറംതോട്, കക്കാടംപൊയിൽ വനമേഖലയിലാണ് കാട്ടുതീ ഭീഷണിയുള്ളത്. വനാതിർത്തിയിലെ കൃഷിയിടങ്ങളിലും അഗ്നിബാധ ഭീതിയുണ്ട്. കാട്ടുതീ മൂലം നിരവധി അപൂർവയിനം സസ്യങ്ങളും പക്ഷിമൃഗാദികളും ഉൾപ്പെട്ട ജൈവലോകത്തി​െൻറ നാശമാണ് സംഭവിക്കുന്നത്. വനത്തിലെ മൃഗങ്ങൾ നാട്ടിൻപുറങ്ങളിലിറങ്ങി വിഹരിക്കാനും കാട്ടുതീ കാരണമാകുന്നുണ്ട്. കാട്ടുതീ പടരാതിരിക്കാൻ വനം വകുപ്പ് അധികൃതർ മുൻകരുതൽ സ്വീകരിക്കാറുണ്ട്. കുറ്റിക്കാടുകൾ വെട്ടിമാറ്റിയും വനത്തിൽ തീയിടുന്നത് തടഞ്ഞുമാണ് കാട്ടുതീ പ്രതിരോധത്തതിന് അധികൃതർ ശ്രമിക്കാറുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.