യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിൽനിന്ന് രണ്ടുപേരെ രക്ഷപ്പെടുത്തി

റാന്നി: പെണ്‍സുഹൃത്തിനെ കാണാന്‍ കോഴിക്കോേട്ടക്ക് പോയ യുവാക്കളെ തട്ടിക്കൊണ്ടുപോയി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച മലപ്പുറത്തെ സംഘത്തിൽനിന്ന് റാന്നി സ്വദേശികളായ രണ്ട് യുവാക്കളെ രക്ഷപ്പെടുത്തി. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തതിൽ മോനച്ച​െൻറ മകൻ ജിക്കുമോൻ (27) എന്നിവരെയാണ് തിരൂരിലെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ റാന്നി പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടാണ് സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ മലപ്പുറത്ത് തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. റാന്നിയില്‍നിന്ന് ജിക്കുമോന്‍ എറണാകുളത്തെത്തി അവിടെ ഡ്രൈവറായി ജോലി നോക്കുന്ന ഷിജിെയയും കൂട്ടി കോഴിക്കോേട്ടക്ക് പോവുകയായിരുന്നു. മലപ്പുറത്തുനിന്ന് യുവാക്കൾക്ക് പിന്നാലെ കൂടിയ സംഘം ഇവരെ തട്ടിയെടുത്ത ശേഷം രണ്ട് ദിവസമായി കസ്റ്റഡിയില്‍ െവച്ച് വിലപേശുകയായിരുന്നു. ആദ്യം സുഹൃത്തായിരുന്ന പെണ്‍കുട്ടിയെ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. പെണ്‍കുട്ടി യുവാക്കളുടെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഘം പണം ആവശ്യപ്പെട്ടത് അറിയിക്കുകയായിരുന്നു. ഇരുവരുടെയും വീട്ടുകാർ അതിന് വഴങ്ങാതിരുന്നതോടെ 25,000 രൂപയെങ്കിലും തരണമെന്നായി. പണം നേരിട്ട് കൊടുക്കാതെ ജിക്കുവി​െൻറ അക്കൗണ്ടില്‍ നിക്ഷേപിക്കാനാണ് ആവശ്യപ്പെട്ടത്. ഒടുവിൽ 10,000 രൂപയെങ്കിലും തരണമെന്നായി. ഇതും വീട്ടുകാർ വിസമ്മതിച്ചു. ഇതോടെയാണ് തിങ്കളാഴ്ച രാത്രി തിരൂരിന് സമീപം റോഡരികിൽ സംഘം യുവാക്കളെ ഉപേക്ഷിച്ചു മുങ്ങിയത്. തട്ടിക്കൊണ്ടുപോയ വിവരം ലഭിച്ചപ്പോള്‍തന്നെ ജിക്കുവി​െൻറ പിതാവ് മോനച്ചന്‍ റാന്നി പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവാക്കളെ തട്ടിക്കൊണ്ടുപോയ വിവരം കിട്ടിയതു മുതൽ വിവരങ്ങൾ ശേഖരിച്ചു വന്ന പൊലീസ് ഉടൻ മലപ്പുറത്തേക്ക് തിരിക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ ഫോൺ നമ്പർ കൈവശമാക്കിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന സംശയത്തിൽ സംഘം യുവാക്കളെ വഴിയിലുപേക്ഷിക്കാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ റാന്നി കോടതിയില്‍ ഹാജരാക്കിയ ശേഷം വീട്ടുകാര്‍കൊപ്പം വിട്ടു. തട്ടിക്കൊണ്ടുപോകലിനും പിടിച്ചുപറിക്കും കേസെടുത്ത് ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ തിരൂര്‍ പൊലീസിന് കേസ് കൈമാറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.