സർക്കാർ അവഗണന തുടരുന്നു; മൊകേരി കോളജിന്​ പുതിയ കോഴ്​സുകളില്ല

അലോട്ട്മ​െൻറ് ലഭിക്കാതെ നൂറുകണക്കിന് വിദ്യാർഥികൾ പുറത്ത് കക്കട്ടിൽ: കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോര മേഖലയിലെ ഉന്നത പഠന കേന്ദ്രമായ മൊകേരി ഗവ. കോളജിൽ കെട്ടിട സൗകര്യങ്ങളുണ്ടായിട്ടും പ്രഖ്യാപിച്ച കോഴ്സുകൾ അനുവദിച്ചില്ല. രണ്ടു വർഷം മുമ്പാണ് കോളജിൽ പുതിയ മൂന്നു കോഴ്സുകൾ പരിഗണനയിലുണ്ടെന്ന് കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ സബ്മിഷന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ അറിയിച്ചത്. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും കോഴ്സ് അനുവദിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. മലയോര മേഖലയിലേതടക്കം നിരവധി വിദ്യാർഥികൾക്ക് ഉപരിപഠനം നേടാനുള്ള അവസരമാണ് കോഴ്സ് അനുവദിക്കാത്തതിലൂടെ നഷ്ടമാവുന്നത്. കോളജിൽ ബി.എസ്സി കെമിസ്ട്രി, ബി.എ. മലയാളം, എം.എസ്സി മാത്തമാറ്റിക്സ് എന്നീ കോഴ്സുകൾ പരിഗണനയിലുണ്ടെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. സയൻസ് വിഷയം െഎച്ഛികമായെടുത്ത് പഠിച്ചവർക്ക് മൊകേരി കോളജിൽ ഒരു ബിരുദ കോഴ്സുമില്ല. പ്രദേശത്തെ ഇരുപതോളം ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നും പുറത്തുവന്ന കുട്ടികൾ സെക്കൻഡ് അലോട്ട്മ​െൻറും കഴിഞ്ഞ് തേഡ് അലോട്ട്മ​െൻറിനായി കാത്തിരിക്കുകയാണ്. സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിൽ പഠിച്ച കുട്ടികളെ ഉൾക്കൊള്ളാനാവശ്യമായ കോളജുകൾ മേഖലയിലില്ലാത്തപ്പോഴാണ് കെട്ടിട സൗകര്യമുണ്ടായിട്ടും മൊകേരി കോളജിൽ കോഴ്സുകൾ അനുവദിക്കാത്തത്. നിലവിൽ ബി.എ. ഹിസ്റ്ററി, ബി.എസ്സി മാത്തമാറ്റിക്സ്, ബി.എ. ഫങ്ഷനൽ ഇംഗ്ലീഷ്, ബി.ബി.എ എന്നീ നാല് ബിരുദ കോഴ്സുകളാണ് കോളജിലുള്ളത്. ബിരുദ പ്രവേശനത്തിനുള്ള സെക്കൻഡ് അലോട്ട്മ​െൻറ് കഴിഞ്ഞപ്പോൾ പല വിദ്യാർഥികളും പ്രവേശനം ലഭിക്കാതെ പുറത്താണ്. ഇവർ വൻതുക നൽകി പ്രൈവറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരും. വടകര താലൂക്കിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ വിദ്യാർഥികൾക്ക് ഉന്നത പഠനം ലക്ഷ്യമിട്ട് 1981ൽ അന്നത്തെ എം.എൽ.എ ആയിരുന്ന എ. കണാരൻ മുൻകൈയെടുത്ത് ജനകീയ കമ്മിറ്റി ഉണ്ടാക്കുകയും നാളികേരം പിരിച്ചെടുത്ത് വാങ്ങിയ സ്ഥലത്താണ് കോളജി​െൻറ കെട്ടിടം. എന്നാൽ, കോളജ് ആരംഭിച്ച് 37 വർഷം കഴിയുേമ്പാഴും കോഴ്സുകളുടെ എണ്ണം പരിമിതമായിത്തന്നെ തുടരുകയാണ്. മൂന്നു വർഷം മുമ്പ് ആരംഭിച്ച നാദാപുരം ഗവ. കോളജിന് അഞ്ച് ബിരുദ കോഴ്സ് അനുവദിച്ചപ്പോഴാണ് 37 വർഷത്തെ പഴക്കമുള്ള മൊകേരി ഗവ. കോളജിനോടുള്ള അവഗണന സർക്കാർ തുടരുന്നത്. ആവശ്യത്തിന് കെട്ടിട സൗകര്യമുണ്ടായിട്ടും ആവശ്യത്തിന് കോഴ്സുകൾ അനുവദിക്കാൻ തയാറാവാത്ത നടപടി ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഇല്ലാത്തതാണെന്ന് ആക്ഷേപമുണ്ട്. കോളജിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ബന്ധപ്പെട്ടവർ മുൻകൈയെടുത്ത് പ്രദേശത്തെ വിദ്യാർഥികൾക്ക് ഉന്നത പഠനത്തിന് അവസരം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.