നിപ: ആപദ്​​ഘട്ടത്തിൽ മുന്നിട്ടിറങ്ങിയവരെ ആദരിക്കും; ശുചീകരണം ശക്​തിപ്പെടുത്തും

കോഴിക്കോട്: നിപ വൈറസ് മരണതാണ്ഡവമാടിയ നാളുകളിൽ മാതൃകപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരെയും ആദരിക്കാനും ശുചീകരണ -പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനം. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്. ജീവന്‍ പണയംവെച്ച് ഐസൊലേഷന്‍ വാര്‍ഡുകളില്‍ രോഗികളെ പരിചരിക്കുകയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാൻ മുന്നില്‍നില്‍ക്കുകയും വൈറസ് ഭീതി ഇല്ലാതാക്കാൻ അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്തവരെ ജൂലൈ ആദ്യവാരം ആരോഗ്യ വകുപ്പി​െൻറ നേതൃത്വത്തിൽ കോഴിക്കോട്ട് പൊതുസമ്മേളനം നടത്തി ആദരിക്കും. ജില്ലയിൽനിന്നുള്ള മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍ എന്നിവര്‍ക്കാണ് പരിപാടിയുടെ മുഖ്യസംഘാടന ചുമതല. ജില്ല പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും പരിപാടിയുടെ നടത്തിപ്പില്‍ പ്രധാന പങ്ക് വഹിക്കും. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി മാലിന്യ നിര്‍മാർജനവും രോഗപ്രതിരോധവും ശക്തമാക്കും. ഇതിനു മുന്നോടിയായി ജൂണ്‍ 14നകം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുെടയും ജനപ്രതിനിധികളുടെയും യോഗം ചേരും. തുടര്‍ന്ന് ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളില്‍ യോഗമുണ്ടാകും. വീടുകള്‍ മുതല്‍ ഓഫിസുകളിൽ വരെ ശുചീകരണം ഉറപ്പാക്കും. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശുചീകരണവും ഉറപ്പാക്കും. നിപ വൈറസ് വ്യാപനം തടയാൻ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ആരോഗ്യ വകുപ്പിനെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും അഭിനന്ദിച്ചു. കൂട്ടായ്മയുടെ വിജയമാണിതെന്ന് യോഗം വിലയിരുത്തി. മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, എം.എല്‍.എമാരായ ഡോ. എം.കെ. മുനീര്‍, എ. പ്രദീപ്കുമാര്‍, സി.കെ. നാണു, പുരുഷന്‍ കടലുണ്ടി, വി.കെ.സി. മമ്മദ് കോയ, പാറക്കല്‍ അബ്ദുല്ല, കെ. ദാസന്‍, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ല നേതാക്കള്‍, ജില്ല കലക്ടര്‍ യു.വി. ജോസ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍, സൂപ്രണ്ട് ഡോ. സജീത്ത് കുമാര്‍, മണിപ്പാല്‍ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജി. അരുണ്‍കുമാര്‍, സിറ്റി പൊലീസ് കമീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, റൂറൽ എസ്.പി ജെ. ജയ്ദേവ്, എ.ഡി.എം ടി. ജനില്‍കുമാര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍കുട്ടി, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ, കോർപറേഷൻ ഹെൽത്ത് ഒാഫിസർ ഡോ. ആർ.എസ്. ഗോപകുമാർ, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.