അരക്കിണറിലെ വയോധികയുടെ മരണം കൊലപാതകം

ബേപ്പൂർ: അരക്കിണറിൽ തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ശനിയാഴ്ച ഉച്ചയോടെയാണ് മാപ്പിളപ്പാട്ട് ഗായകൻ കെ.എം.കെ വെള്ളയിലി​െൻറ ഭാര്യ അരക്കിണർ സിമൻറ് ഗോഡൗണിന് പിൻവശം താമസിക്കുന്ന പനങ്ങാട്ടുപറമ്പ് റുക്സാന മൻസിലിൽ ആമിനയെ (65) വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഉളിപോലുള്ള ആയുധം കൊണ്ട് മുറിവേറ്റതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോർട്ടിൽ തെളിഞ്ഞു. ഇതേ തുടർന്നാണ് പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവിൽനിന്ന് രക്തംവാർന്നതാണ് മരണകാരണം. തലയിലും മുഖത്തും കൈയിലുമടക്കം 15ഒാളം മുറിവുകളുണ്ട്. അന്വേഷണത്തിന് ബേപ്പൂർ കോസ്റ്റൽ പൊലീസ് സി.ഐ സതീശനെ സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ ചുമതലപ്പെടുത്തി. പൊലീസ് ചിലരെ ചോദ്യം ചെയ്തതായി അറിയുന്നു. അതേസമയം, മുഖ്യപ്രതിയടക്കം വലയിലായെന്നാണ് സൂചന. വീടിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് കാവൽ ഞായറാഴ്ച വൈകീട്ട് പിൻവലിച്ചു. സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാർ, സൗത്ത് അസി. കമീഷണർ കെ.പി. അബ്ദുൽ റസാഖ് അടക്കം ഉന്നത ഉദ്യോഗസ്ഥർ സംഭവ ദിവസം തന്നെ സ്ഥലെത്തത്തിയിരുന്നു. ശനിയാഴ്ച ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, സയൻറിഫിക് വിഭാഗം, സിറ്റി പൊലീസ് കമീഷണറുടെ കീഴിലുള്ള പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. ആമിന താമസിക്കുന്ന വീടി​െൻറ ഒരു ഭാഗത്ത് പണയത്തിന് മറ്റൊരു കുടുംബം താമസിക്കുന്നുണ്ട്. വീട്ടിൽനിന്ന് ഒന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ആമിനയെ കാണാൻ അൽപമകലെ താമസിക്കുന്ന മകൾ റുക്സാനയുടെ മകൻ ശനിയാഴ്ച പകൽ ഒന്നരയോടെ വീട്ടിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് നിലത്ത് കമിഴ്ന്ന് കിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അടുത്ത വീട്ടുകാരെ വിളിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മകൻ റഹീസ് ബാബു രാവിലെ ഫോൺ വിളിച്ചിട്ടും കിട്ടാത്തതിനെത്തുടർന്നാണ് കൊച്ചുമകൻ ആമിനയെ തിരഞ്ഞു വീട്ടിലെത്തിയത്. മൃതദേഹം ഞായറാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മാത്തോട്ടം ഖബർസ്ഥാനിൽ മറവു ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.