കൊയിലാണ്ടിയിൽ ആൽമരം ബസിനു മുകളിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം

കൊയിലാണ്ടി: നഗരത്തിലെ കൂറ്റൻ ആൽമരം കടപുഴകി ബസിനു മുകളിൽ പതിച്ചു. ദേശീയ പാതയിൽ നഗരസഭ ബസ്സ്റ്റാൻഡിനും പെട്രോൾ പമ്പിനും സമീപത്തുള്ള നൂറ്റാണ്ട് പ്രായമുള്ള ആലാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ ശക്തമായ കാറ്റിൽ നിലംപതിച്ചത്. കോഴിക്കോട്- കൊയിലാണ്ടി റൂട്ടിൽ ഓടുന്ന അനഘ ബസിനു മുകളിലാണ് പതിച്ചത്. ബസി​െൻറ ഗ്ലാസ് ഉൾെപ്പടെ മുൻഭാഗം തകർന്നെങ്കിലും കാര്യമായ അപകടം ഉണ്ടാകാതെ രക്ഷപ്പെട്ടു. ബസ് ഡ്രൈവർ മെഡിക്കൽ കോളജ് സ്വദേശി വിനോദ് (47), കണ്ടക്ടർ ബാബുരാജ്, യാത്രക്കാരായ നസീറ, റാനിയ, നഹീം എന്നിവർക്ക് നിസ്സാര പരിക്കുകൾ പറ്റി. വൃക്ഷക്കൊമ്പുകൾ പതിച്ച് സമീപത്തെ കടകൾക്കും സ്റ്റുഡിയോക്കും നഷ്ടം സംഭവിച്ചു. ദേശീയപാതയിൽ ഗതാഗതം അവതാളത്തിലായി. രാത്രി വൈകിയും മരം നീക്കംചെയ്യൽ പ്രവൃത്തി നടക്കുകയാണ്. കൊയിലാണ്ടി, പേരാമ്പ്ര, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിശമന യൂനിറ്റുകൾ, പൊലീസ്, ചുമട്ടുതൊഴിലാളികൾ, ഡ്രൈവർമാർ, വ്യാപാര സംഘടന പ്രവർത്തകർ, തണൽ, സേവാഭാരതി സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ മരം നീക്കാനിറങ്ങി. കോരിച്ചൊരിയുന്ന മഴയിലും ശക്തമായ കാറ്റിലും ഇവരുടെ സേവനം ശ്രദ്ധേയമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.