സ്നേഹോപഹാരവുമായി കലക്ടറെത്തി: ഫഹദിനെയും തേടി

സ്നേഹോപഹാരവുമായി കലക്ടറെത്തി, ഫഹദിനെയും തേടി പന്തീരാങ്കാവ്: ദുരിതം പെയ്തിറങ്ങിയ ആലപ്പുഴയിലെയും കോട്ടയത്തെയും പ്രളയ ദുരിതബാധിതർക്കായി കാശി കുഞ്ചിയിലെ സമ്പാദ്യം നൽകിയ 10ാം ക്ലാസുകാരൻ ഫഹദിനെയും മാതൃസഹോദരി ഫാത്തിമയെയും തേടി ജില്ല കലക്ടറെത്തി. പാലാഴി മുയ്യാഴി മേത്തൽ വീട്ടിലേക്കാണ് ഞായറാഴ്ച വൈകീട്ട് അപ്രതീക്ഷിത അതിഥിയായി കലക്ടർ യു.വി. ജോസും സഹപ്രവർത്തകരുമെത്തിയത്. വെള്ളപ്പൊക്ക ദുരിതബാധിതർക്കായി കഴിഞ്ഞദിവസം കോഴിക്കോട് നിന്ന് ഭക്ഷണവും വസ്ത്രവും ശേഖരിക്കുമ്പോഴാണ് സേവിയോ ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫഹദ് ത​െൻറ കാശിക്കുഞ്ചി പൊട്ടിച്ച പണം ദുരിതാശ്വാസത്തിനായി നൽകിയത്. ഇത്തരം കാരുണ്യ പ്രവൃത്തികൾക്ക് മുൻകൈ എടുക്കാറുള്ള മാതൃസഹോദരി ഫാത്തിമയെയാണ് പണം ഏൽപിച്ചത്. സ്കൂൾ ദിവസമായതിനാൽ ഈ പണംകൊണ്ട് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഫാത്തിമയാണ് കലക്ടർക്ക് കൈമാറിയത്. ഒമ്പത് ലോറി സാധനങ്ങളാണ് ദുരിതബാധിത സ്ഥലങ്ങളിലേക്ക് കോഴിക്കോടുനിന്ന് കൊണ്ടുപോയത്. ഫാത്തിമയെയും ഫഹദിനെയും കുറിച്ചുള്ള വാർത്ത കണ്ട നിരവധി പേരാണ് ദുരിത ബാധിതർക്ക് ആശ്വാസവുമായി എത്തിയത്. മുമ്പ് ചെന്നൈ പ്രളയ ദുരിതാശ്വാസത്തിനും മുഹമ്മദ് ഫഹദ് തന്നാലാവും വിധമുള്ള സഹായം നൽകിയിരുന്നു. വയനാട്ടിലെ ആദിവാസി കുടിലുകളിൽ ഭക്ഷണ സാധനങ്ങളുമായി ഫാത്തിമയും കുടുംബവും പോവുന്ന പതിവുണ്ട്. വിശക്കുന്നവ​െൻറ ദുരിതം കണ്ടറിഞ്ഞ ഈ യാത്രകളാണ് ഫഹദിന് പ്രചോദനമായത്. കുട്ടികൾ ചെറുപ്പത്തിലേ മരിച്ച ഫാത്തിമക്കും ഭർത്താവിനുമൊപ്പമാണ് ഫഹദി​െൻറ താമസം. ഫഹദിനെ നേരിൽക്കണ്ട് അഭിനന്ദിക്കാനാണ്, ഉപഹാരവുമായി ഞായറാഴ്ച വൈകീട്ട് കലക്ടറും ഭാര്യയുമെത്തിയത്. തഹസിൽദാർ ഇ. അനിതകുമാരി, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.