ജമീലയുടെ കുടുംബത്തിന് സ്നേഹവീടൊരുക്കാന്‍ സഹായ ഹസ്തവുമായി എന്‍.എസ്.എസ് വിദ്യാർഥികള്‍ മാധ്യമം വാര്‍ത്ത‍ തുണയായി

എകരൂല്‍: ജമീലക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാന്‍ സഹായഹസ്തവുമായി വിദ്യാർഥികള്‍. പുറമ്പോക്കില്‍ നിലംപൊത്താറായ ഷെഡില്‍ കഴിഞ്ഞിരുന്ന പനങ്ങാട് പഞ്ചായത്തിലെ തലയാട് പത്താശ്ശേരി ജമീലക്കും കുടുംബത്തിനും സ്നേഹവീടൊരുക്കാന്‍ എളേറ്റില്‍ എം.ജെ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റാണ് രംഗത്തെത്തിയത്. ജൂലൈ 21ന് 'മാധ്യമം' പ്രസിദ്ധീകരിച്ച 'ചോരുന്ന കൂരയില്‍ നിസ്സഹായരായി ഇവര്‍' എന്ന തലക്കെട്ടില്‍ ദുരിതജീവിത വാര്‍ത്ത‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വിദ്യാർഥികൾ ഇടപെട്ടത്. കുടുംബത്തി‍​െൻറ അവസ്ഥ കരളലിയിപ്പിക്കുന്നതാണെന്ന് വിദ്യാർഥികള്‍ പറഞ്ഞു. അര്‍ബുദരോഗിയായ ജമീലയും കുടുംബവും സുമനസ്കരുടെ സഹായംകൊണ്ടാണ് ജീവിതം തള്ളിനീക്കുന്നത്. അഞ്ചു ലക്ഷം രൂപ െചലവ് പ്രതീക്ഷിക്കുന്ന വീടി‍​െൻറ പ്രവൃത്തി ആഗസ്റ്റില്‍ ആരംഭിച്ച് പുതുവര്‍ഷപ്പുലരിയില്‍ കുടുംബത്തെ പുതിയ വീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പൂര്‍ത്തിയാക്കുമെന്ന് സ്കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ കെ.എം. സുബൈര്‍ പറഞ്ഞു. യൂനിറ്റിലെ 50 വിദ്യാർഥികള്‍ അടങ്ങുന്ന സംഘമാണ് ഒഴിവുസമയങ്ങളില്‍ വിഭവസമാഹരണത്തിനിറങ്ങുക. നിര്‍മാണ സാമഗ്രികള്‍ എത്തിക്കുന്നതടക്കം ജോലികള്‍ കുട്ടികള്‍ തന്നെ നിര്‍വഹിക്കും. ഉദാരമനസ്കരുടെ സഹായത്താല്‍ ഇതിനകം അഞ്ചു വീടുകള്‍ എം.ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് നിര്‍മിച്ചുനല്‍കിയതായി ഭാരവാഹികള്‍ പറഞ്ഞു. 'ഞങ്ങളുണ്ട് കൂടെ' എന്ന സന്ദേശവുമായി ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങളുമായാണ് വിദ്യാർഥികള്‍ ജമീലയെ സന്ദര്‍ശിക്കാന്‍ കുടിലില്‍ എത്തിയത്. പ്രിന്‍സിപ്പല്‍ എം. മുഹമ്മദലി, അധ്യാപകരായ കെ.എം. ഷഫീര്‍, കെ. മുഹമ്മദ്‌ ഷാഹിദ്, കെ.പി. റഊഫ് തുടങ്ങിയവര്‍ കുട്ടികള്‍ക്ക് പിന്തുണയുമായി ഒപ്പമുണ്ടാവും. ഫോണ്‍. പ്രോഗ്രാം ഓഫിസര്‍ -949 530 8438.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.