ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലാമിനോളം വിലപ്പെട്ട സംഭാവന നൽകിയവരില്ല ^ജി. മാധവൻ നായർ

ശാസ്ത്ര സാങ്കേതിക വിദ്യയിൽ കലാമിനോളം വിലപ്പെട്ട സംഭാവന നൽകിയവരില്ല -ജി. മാധവൻ നായർ കോഴിക്കോട്: ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോളം വിലപ്പെട്ട സംഭാവനകൾ നൽകിയ മറ്റാരുമില്ലെന്ന് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി. മാധവൻ നായർ. കലാമി​െൻറ മൂന്നാം ചരമവാർഷികത്തിൽ മേഖലശാസ്ത്ര കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പ്രതിഭാധനരായ ശാസ്ത്രജ്ഞർ വേറെയുമുണ്ടായിരുന്നെങ്കിലും അവരെല്ലാം തങ്ങളുടെ മേഖലയിൽ മാത്രം ഒതുങ്ങിപ്പോയി. എന്നാൽ, വ്യത്യസ്ത രംഗങ്ങളിൽ നേട്ടംകൊയ്യാൻ കലാമിനു കഴിഞ്ഞു. ഇന്ത്യയിൽ, അതും ചുരുങ്ങിയ 10 വർഷത്തിനുള്ളിൽ ഇത്തരത്തിൽ കഴിവുതെളിയിക്കുന്നത് ഏറെ ശ്രമകരമാണ്. രാജ്യത്തിന് ശക്തിയുണ്ടങ്കിലേ മറ്റു രാജ്യങ്ങൾ ബഹുമാനിക്കൂ എന്ന ചിന്തയിലാണ് അദ്ദേഹം മിസൈലുകൾ വികസിപ്പിച്ചെടുത്തത്. താൻ ഓരോ തവണ കാണുമ്പോഴും പുതിയ പദ്ധതികളെക്കുറിച്ച് ചിന്തിക്കുകയും യുവാക്കളെ ശാസ്ത്രത്തിലേക്ക് ആകൃഷ്ടരാക്കാൻ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. റോക്കറ്റി​െൻറയും മാനേജ്മ​െൻറി​െൻറയും ബാലപാഠങ്ങൾ താൻ പഠിച്ചത് കലാമിൽനിന്നാണ്. ലാളിത്യമായിരുന്നു അദ്ദേഹത്തി​െൻറ മുഖമുദ്ര. ശാസ്ത്രം അവഗണിക്കപ്പെട്ട ഒരുകാലത്ത് ഈ മേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ അദ്ദേഹം പ്രയത്നം നടത്തി. അദ്ദേഹം അതിൽ കുറെയൊക്കെ വിജയിച്ചു. കുട്ടികൾക്കായി രാഷ്ട്രപതി ഭവൻ ആദ്യമായി തുറന്നുകൊടുത്ത രാഷ്ട്രപതി കൂടിയായിരുന്നു കലാം. ഔപചാരിക പ്രസിഡൻറ് എന്നതിനപ്പുറം ഒരു സജീവ രാഷ്ട്രപതിയായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രശ്നം പഠിക്കാൻ ഏറെ സമയം കണ്ടെത്തി. വിരമിച്ചശേഷം ഒരു വർഷത്തിനുള്ളിൽ ഒരുലക്ഷം കുട്ടികളുമായി സംവദിക്കുകയെന്നായിരുന്നു അദ്ദേഹത്തി​െൻറ സ്വപ്നം. കുട്ടികളെ ഏറെ സ്നേഹിച്ച കലാമി​െൻറ ഓർമകൾ കുട്ടികളുടെ മനസ്സിൽ എന്നും നിറഞ്ഞുനിൽക്കുമെന്ന് മാധവൻ നായർ കൂട്ടിച്ചേർത്തു. ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ ഇ.കെ. കുട്ടി എന്നിവരും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.