നെൽകൃഷിക്ക്‌ സഹായധനം

നന്തിബസാർ: ജില്ലയിൽ നെല്‍കൃഷിക്ക് അനുകൂല സാഹചര്യമുള്ള പ്രദേശങ്ങളില്‍ നെല്‍കൃഷി വികസനത്തിനായി കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. വര്‍ഷങ്ങളായി തരിശുകിടക്കുന്ന പാടശേഖരങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആദ്യ വര്‍ഷം കൃഷിയിറക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 30,000 രൂപയും രണ്ടാം വര്‍ഷം ഹെക്ടറിന് 7000 രൂപയും ധനസഹായം ലഭിക്കും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുടെ സജീവ പങ്കാളിത്തത്തോടെ നെല്‍കൃഷിക്ക് അനുയോജ്യമായ തരിശുനിലങ്ങള്‍ ഏറ്റെടുത്ത് കൃഷിയിറക്കാവുന്നതാണ്. മൊത്തം നെല്‍കൃഷി വിസ്തൃതി വർധിപ്പിക്കുന്നതി​െൻറ ഭാഗമായി ഒരുപ്പൂ കൃഷിയെ ഇരുപ്പൂ കൃഷിയാക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 10,000 രൂപ നിരക്കില്‍ ധനസഹായം ലഭിക്കും. കരനെല്‍കൃഷിക്ക് ഹെക്ടര്‍ ഒന്നിന് 13,600 രൂപയും സഹായം ലഭിക്കും. 2018-19 വര്‍ഷം സുസ്ഥിര നെല്‍കൃഷി വികസനത്തിന് ഉൽപാദേനാപാധികള്‍ക്കുള്ള സഹായമായി ഹെക്ടര്‍ ഒന്നിന് 5500 രൂപ നല്‍കും. ഗുണമേന്മയുള്ള വിത്തുകൾ, ജൈവ ഉൽപാദനോപാധികൾ, സര്‍ട്ടിഫിക്കേഷന്‍, ജൈവ കീടനിയന്ത്രണകാരികൾ എന്നിവക്കായാണ് തുക ചെലവഴിക്കേണ്ടത്. മണ്ണിലെ പോഷകമൂലകങ്ങളുടെ കുറവ് പരിഹരിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിന് ജീവാണുവളങ്ങള്‍ക്കും കൃഷി വകുപ്പ് ധനസഹായം നല്‍കും. സൂക്ഷ്മ മൂലകങ്ങളും സെക്കന്‍ഡറി മൂലകങ്ങളും സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും. പച്ചക്കറിത്തോട്ടങ്ങളിലും നെൽപ്പാടങ്ങളിലും മൂന്നാംവിളയായി പയര്‍വര്‍ഗങ്ങള്‍ കൃഷി ചെയ്ത് അവയുടെ വിസ്തൃതിയും ഉൽപാദനവും വർധിപ്പിക്കുന്നതിന് ഹെക്ടര്‍ ഒന്നിന് 10,000 രൂപ നിരക്കില്‍ ധനസഹായം നല്‍കും. നെല്ലുൽപാദനം വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് റൈസ് ഇന്നവേഷന്‍ പദ്ധതിയിൽപെടുത്തിയും കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.