ലിനിയുടെ ഓർമയിൽ സജീഷ് സർക്കാർ ജോലിയിൽ പ്രവേശിച്ചു

പേരാമ്പ്ര: വിദേശത്തുള്ള ഭർത്താവിന് നാട്ടിൽ ഒരു ജോലി ലഭിക്കണമെന്നതായിരുന്നു ലിനിയുടെ ഏറ്റവും വലിയ ആഗ്രഹം. ആ ആഗ്രഹം തിങ്കളാഴ്ച സഫലമായി. ഭർത്താവ് സജീഷ് കൂത്താളി പി.എച്ച്.സിയിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. യാദൃച്ഛികമായിട്ടാണെങ്കിലും ഈ ആഗ്രഹം നിറവേറ്റാൻ അവൾക്ക് ജീവൻ നൽകേണ്ടിവന്നു. രോഗിയെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ചെമ്പനോട പുതുശ്ശേരി ലിനിയുടെ ജീവൻ നൽകിയുള്ള സേവനത്തിന് സർക്കാർ നൽകിയ സമ്മാനമാണ് ഭർത്താവ് സജീഷിനുള്ള ജോലി. വിദേശത്തായിരുന്ന സജീഷ് ലിനി മരിച്ചതോടെ ആ ജോലി ഉപേക്ഷിച്ച് കുട്ടികളായ ഋതുലിനും (5) സിദ്ധാർഥി (2) നുമൊപ്പം ലിനിയുടെ വീട്ടിൽ താമസിക്കുകയാണ്. മക്കളുടെ ഭാവികൂടി കരുതിയാണ് സർക്കാർ ഭർത്താവിന് ജോലി നൽകാൻ തീരുമാനിച്ചതും മരണം നടന്ന് രണ്ടു മാസംകൊണ്ട് നിയമനം നൽകുകയും ചെയ്തത്. തിങ്കളാഴ്ച രാവിലെ അച്ഛൻ നാണു, ലിനിയുടെ അമ്മാവൻ ബാലൻ കല്ലേരി, ആവള ഹമീദ്, ബന്ധുക്കളായ അനിൽ പുതുശ്ശേരി, രാജീവൻ പുതുശ്ശേരി എന്നിവർക്കൊപ്പമാണ് കൂത്താളി പി.എച്ച്.സിയിൽ എത്തിയത്. മെഡിക്കൽ ഓഫിസർ അഭിലാഷി​െൻറ സാന്നിധ്യത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. മക്കളെയും ലിനിയുടെ കുടുംബത്തെയും സംരക്ഷിക്കുകയാണ് ഇനിയുള്ള ജീവിത ലക്ഷ്യമെന്ന് സജീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.