തെരുവിൽ അലയുന്നവർക്ക് രക്ഷകരായി ഒരു കൂട്ടം യുവാക്കൾ

ഫറോക്ക്: ഒരു നേരത്തെ വിശപ്പകറ്റാനോ തലചായ്ക്കാൻ ഇടമോ ഇല്ലാതെ വെയിലും മഴയുമേറ്റ് തെരുവിൽ കഴിയുന്നവരെ കണ്ടെത്തി അവർക്ക് അത്താണിയാവുകയാണ് ഒരു കൂട്ടം യുവാക്കൾ. തെരുവിലെ മക്കൾ ചാരിറ്റി എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകരും ട്രോമാകെയർ വളൻറിയർമാരും ഒത്തൊരുമിച്ചാണ് തെരുവിൽ അലയുന്നവരെ കണ്ടെത്തി അവർക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഫറോക്കിലും കല്ലായിയിലും അലഞ്ഞുനടന്നിരുന്ന രണ്ടു പേരെ പൊലീസി​െൻറ സഹായത്തോടെ ഏറ്റെടുക്കുകയും കുളിപ്പിച്ച്, പുതു വസ്ത്രമണിയിച്ച് ഭക്ഷണം വാങ്ങി നൽകി, തലമുടിയും താടിയും വെട്ടി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടത്തെ ചികിത്സക്കു ശേഷം സർക്കാറി​െൻറയോ സ്വകാര്യ സന്നദ്ധ സംഘടനകളുടെയോ അനാഥ അഗതിമന്ദിരത്തിൽ പ്രവേശിപ്പിക്കും. ഫറോക്കിൽ കണ്ടെത്തിയ ആൾ മാനസികനിലതെറ്റിയ നിലയിലാണ്. അവശനിലയിലായതിനാൽ പേരും നാടും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കല്ലായിൽ കണ്ടെത്തിയ വ്യദ്ധൻ പാലക്കാട് സ്വദേശിയായ ഉണ്ണികൃഷ്ണൻ (77) ആണ്. വളരെ കാലം മുമ്പ് പാലക്കാട് വെച്ച് ഒരു അപകടത്തിൽപ്പെട്ട് ഇരുകാലുകൾക്കും ഒടിവ് സംഭവിച്ചിരുന്നെന്നും ഇടിച്ചിട്ട വാഹനം നിർത്താതെ പോകുകയും ഒരു ദിവസം മുഴുവൻ റോഡിൽ കിടക്കുകയും തുടർന്ന് ആരോ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നത്രെ. ഭാര്യയും മക്കളുമുണ്ടെങ്കിലും പിന്നീട് ആരും തിരിഞ്ഞു നോക്കിയില്ലെന്നും അലഞ്ഞു തിരിഞ്ഞ് കോഴിക്കോട്ടെത്തിയതാണെന്നും തെരുവിലെ മക്കൾ ചാരിറ്റിയുടെ സംസ്ഥാന ചെയർമാൻ സലിം വട്ടക്കിണർ പറഞ്ഞു. തെരുവിലെ മക്കൾ ചാരിറ്റി എന്ന സംഘടന 14 ജില്ലകളിലും വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഇതിലൂടെയാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ജലീൽ മുഖദാർ, ജലീൽ ചാലിയം, ജംഷീർ ചാലിയം, തമീം കോഴിക്കോട്, സാലീഹ് കോഴിക്കോട്, അനസ്കോടമ്പൂഴ, മുനീർ കോടമ്പുഴ, റഹീസ് ഉമ്മർ കോഴിക്കോട്, ഫൈസൽ ചുങ്കം എന്നിവരാണ് മാതൃകാ പ്രവർത്തനം നടത്തിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.