page6 അഗ്​നി സ്വാമി

അഗ്നി സ്വാമി വൃത്തി സന്യാസം, വേഷം കാഷായം, തലപ്പാവ് സ്വാമി വിവേകാനന്ദേൻറത്, സംഘടന സ്വാമി ദയാനന്ദ സരസ്വതിയുടേത് -അങ്ങനെ ലക്ഷണമൊത്ത ആത്മാർഥമായൊരു ഹിന്ദുവാകുന്നതും സംഘ്പരിവാറി​െൻറ ഹിന്ദുത്വ വംശവെറി നാടുവാഴുംകാലം മഹാപാപമാണെന്നോർത്തില്ല. കുരിശണിഞ്ഞ ക്രിസ്ത്യാനിയെയും തൊപ്പിവെച്ച മുസ്ലിമിനെയും സംഘ്പരിവാറിന് കണ്ണെടുത്താൽ കണ്ടുകൂടെന്ന് ഒഡിഷയിലും ഗുജറാത്തിലും കലാപാനന്തര ദുരിതാശ്വാസത്തിനിറങ്ങിത്തിരിച്ചപ്പോൾ നല്ല പോലെ മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ, ജന്മംകൊണ്ട് ബ്രാഹ്മണനും ധർമത്തിൽ സന്യാസിയും കർമംകൊണ്ട് സാമൂഹിക സേവകനുമാകയാൽ മോദിഇന്ത്യയിൽ സുരക്ഷിതനാണെന്നു ധരിച്ചുപോയി. അതിനാൽ, ഝാർഖണ്ഡിലെ പകൂറിൽ ഗിരിവർഗക്കാരായ പഹാഡിയ സംഘടന പരിപാടിക്ക് വിളിച്ചപ്പോൾ തല്ലിക്കൊലകളുടെ സ്വന്തം നാടുകളിലൊന്നിലേക്കാണ് പോകുന്നതെന്ന് ഗൗനിച്ചില്ല. എന്നാൽ, സ്ഥലത്തെത്തിയപ്പോൾ സ്ഥിതി മാറി. ഹിന്ദുവി​െൻറ കാവിക്കല്ല, ഹിന്ദുത്വയുടെ കാവിക്കേ ഭാവിയുള്ളൂ എന്നു തീരുമാനിച്ചുറച്ച സംഘിപ്പയ്യന്മാർ വിട്ടില്ല. ഉടുക്കാത്ത ഭ്രാന്തിൽ ഉറഞ്ഞുതുള്ളിയ കാവിപ്പട എഴുപത്തെട്ടിലെത്തിയ വയോവൃദ്ധനെ കാഷായവസ്ത്രവും കാവിത്തലപ്പാവും ഉരിഞ്ഞെറിഞ്ഞു നിലംപരിശാക്കി. എന്താണ് സംഭവിച്ചതെന്നു സ്വാമി അന്തിച്ചുനിന്നെങ്കിലും അന്തകന്മാർ എല്ലാം തീരുമാനിച്ചുറച്ചായിരുന്നു. അഗ്നിവേശ് സന്യാസിയല്ല, പൂച്ച സന്യാസിയായതുകൊണ്ട് തങ്ങളുടെ ആളുകൾ കൈവെച്ചേക്കും, ആട്ടിപ്പായിച്ചേക്കും; അതിലിത്ര അസ്വാഭാവികതയുമില്ലെന്നാണ് സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിയും പാർട്ടി നേതാവുമൊക്കെ പ്രസ്താവനയിറക്കിയത്. അടി കൊടുത്തത് തങ്ങളല്ലെങ്കിലും സ്വാമി കൊള്ളേണ്ടവൻതന്നെയാണെന്ന കാര്യത്തിൽ നേതാക്കൾക്കുമില്ല സംശയം. ആര്യസമാജത്തി​െൻറ ഇന്ത്യയിലെയും ലോകത്തെയും നേതാവാണ്, മോദിയിൽ എന്തൊക്കെയോ ഗുണങ്ങളില്ലേ എന്ന് ഒരിക്കൽ ചിന്തയുണരാൻ മാത്രം ശുദ്ധഗതിക്കാരനാണ്. ബീഫ് പോകെട്ട, കോഴിയെ അറുക്കുന്നതുതന്നെ പാതകമെന്നു കരുതുന്ന ശുദ്ധ വെജിറ്റേറിയൻ. എന്നിട്ടുമെന്തേ ഇൗ ഗതി? മർദിതർക്കൊപ്പം എന്ന ആ കൈയിരിപ്പുണ്ടല്ലോ, അത് സംഘ്പരിവാറിന് ഇഷ്ടമല്ല. പരിവാറുകാർ മദമിളകി ആളെ ചുട്ടുകൊല്ലുേമ്പാൾ, നാട്ടിൽ കലാപമഴിച്ചുവിടുേമ്പാൾ മർദിതർക്കൊപ്പം നിൽക്കാൻ, കണ്ണീരു തുടക്കാൻ, കൈത്താങ്ങാകാൻ ഒാടിയെത്തുന്നു എന്നതാണ് പ്രശ്നം. എന്നാൽ, പിന്നെ ആ കൈ തല്ലിയൊടിച്ചിട്ടുതന്നെ കാര്യം എന്ന മട്ടിലായിരുന്നു അക്രമികൾ. പൊലീസും ഗവൺമ​െൻറുമൊക്കെ കണ്ണു പൊത്തിയപ്പോൾ ദൈവാധീനംകൊണ്ടു മാത്രം രക്ഷനേടിയെന്ന് സ്വാമി. പ്രതിഷേധങ്ങൾ ഒരുപാട് നടത്തിയതാണ്. എന്നാൽ, അത് തിരിച്ച് മേക്കിട്ടുകയറുന്നത് ഇതാദ്യം. എന്നാലും ഉശിരു ചോരില്ലെന്നാണ് ദൃഢനിശ്ചയം. അതിനു ഭൂഗോളത്തി​െൻറ നാനാദിക്കുകളിൽനിന്നു ലഭിക്കുന്ന പിന്തുണ ആവേശം പകരുന്നുമുണ്ട്. ആന്ധ്രയിലെ ശ്രീകാകുളത്തെ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ 1939 സെപ്റ്റംബർ 21നാണ് വേപ ശ്യാംറാവുവി​െൻറ ജനനം. നാലുവയസ്സിൽ പിതാവ് മരിച്ചതിൽ പിന്നെ പിതാമഹനായി സംരക്ഷകൻ. അങ്ങനെ ആന്ധ്രയിൽനിന്ന് ഇപ്പോഴത്തെ ഛത്തിസ്ഗഢിൽ പെടുന്ന ശക്തി എന്ന പുത്രികാരാജ്യത്തെ ദിവാ​െൻറ പേരമകനായിരുന്നു പിതാമഹൻ. അവരുടെ തണലിൽ പഠിച്ചുവളർന്നു. നിയമത്തിലും വാണിജ്യശാസ്ത്രത്തിലും ബിരുദമെടുത്തു. കൊൽക്കത്തയിലെ പ്രശസ്തമായ സ​െൻറ് സേവിയേഴ്സ് കോളജിൽ മാനേജ്മ​െൻറ് അധ്യാപകനായി. പാതിസമയം അഭിഭാഷകനും. പിന്നീട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായ സവ്യസാചി മുഖർജിയുടെ കീഴിലായിരുന്നു പ്രാക്ടീസ്. എന്നാൽ, തൊഴിൽ രണ്ടിലും സംതൃപ്തി കണ്ടില്ല. വിദ്യാർഥികാലത്തേ ആര്യസമാജത്തി​െൻറ പ്രവർത്തനത്തിൽ ആകൃഷ്ടനായിരുന്നു. അങ്ങനെ കൊൽക്കത്ത വിട്ട് ഹരിയാനയിലേക്ക്. അവിടെ സാമൂഹികസേവ നടത്തിയിരുന്ന സ്വാമി ഇന്ദ്രവേശി​െൻറ കൂടെ കൂടി. 1968ൽ ആര്യസമാജത്തി​െൻറ മുഴുസമയ പ്രവർത്തകനായി, സ്വാമി അഗ്നിവേശായി. ഇന്ദ്രവേശിനൊപ്പം ചേർന്ന് ആര്യസഭ എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കി സന്യാസവും കാഷായവും സ്വീകരിച്ചത് ജീവിതത്തിൽനിന്ന് ഒളിച്ചോടാനല്ലെന്നും ശബ്ദമില്ലാത്തവർക്കു വേണ്ടി ശബ്ദിക്കാനും അനീതിക്കെതിരെ അഗ്നിയായി ജ്വലിക്കാനുമാണെന്ന് തെളിയിച്ചു. മുതലാളിത്തത്തി​െൻറയും കമ്യൂണിസത്തി​െൻറയും ഭൗതികവാദ അതിപ്രസരമൊഴിവാക്കി, സാമൂഹിക ആത്മീയതയെ പകരംവെച്ച തത്ത്വശാസ്ത്രമായിരുന്നു പാർട്ടിയുടേത്. സ്വാമി ദയാനന്ദ സരസ്വതി, ഗാന്ധിജി, കാൾ മാർക്സ് എന്നിവരെ സമം ചേർത്തുള്ള ദർശനം. പഞ്ചാബിൽനിന്നു പിരിഞ്ഞ ഹരിയാനക്കുള്ള അവകാശത്തിനു വേണ്ടി, സമ്പൂർണ മദ്യനിരോധനത്തിന്, കാർഷിക ഉൽപന്നങ്ങളുടെ മതിയായ വിലക്കു വേണ്ടി- അങ്ങനെ ആ സമരാവേശം കത്തിയാളി. ജയപ്രകാശ് നാരായൺ സമ്പൂർണവിപ്ലവത്തിന് ആഹ്വാനം മുഴക്കിയപ്പോൾ അതിനൊപ്പം ചേർന്നു. അതിനാൽ, 1975ൽ ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയെങ്കിലും അറസ്റ്റിലായി. 14 മാസം തടവ്. 1977ലെ തെരഞ്ഞെടുപ്പിൽ ഹരിയാന നിയമസഭയിലേക്ക് ജയിച്ചു. ഭജൻലാൽ മന്ത്രിസഭ രൂപവത്കരിച്ചപ്പോൾ അതിൽ വിദ്യാഭ്യാസമന്ത്രിയായി. അധികാരം കൈവന്നെന്നു കരുതി ഉള്ളിലെ വിപ്ലവാഗ്നി അണഞ്ഞില്ല. മന്ത്രിയായി നാലു മാസം പിന്നിടുേമ്പാൾ ഫരീദാബാദിലെ വ്യവസായനഗരത്തിനു വേണ്ടി കുടിയൊഴിപ്പിക്കൽ തുടങ്ങിയപ്പോൾ നാട്ടുകാർ സമരത്തിനിറങ്ങി. പൊലീസ് നേരിട്ടേപ്പാൾ െവടിവെപ്പിൽ 10 പേരുടെ ജീവൻ പോയി. സ്വന്തം ഗവൺമ​െൻറി​െൻറ പൊലീസിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടതോടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു. അധികാരരാഷ്ട്രീയത്തിലെ പരീക്ഷണത്തിന് അവിടെ അർധവിരാമമിട്ടു. എന്നാൽ, സാമൂഹികപ്രവർത്തനം വിശ്രമമില്ലാതെ െകാണ്ടുപോയി. ബന്ധുവ മുക്തി മോർച്ച എന്ന പേരിൽ കരാർതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി സംഘടനയുണ്ടാക്കി. 45 മുസ്ലിം യുവാക്കളെ കുരുതിക്കിരയാക്കിയ 1989ലെ മീറത്ത് കലാപകാലത്ത് ഡൽഹിയിൽനിന്ന് മീറത്തിലേക്ക് സർവമതക്കാരെയും കൂട്ടി യാത്ര നടത്തി. 1999ൽ ഒഡിഷയിലെ മനോഹർപുരിൽ ആസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റയിൻസിനെയും പിഞ്ചുമക്കളെയും ബജ്റങ്ദൾ നേതാവ് ദാരാസിങ്ങും കൂട്ടരും ചുട്ടുകൊന്നപ്പോൾ 55 മതനേതാക്കളെ കൂട്ടി 'മതം സാമൂഹികനീതിക്ക്' എന്ന പൊതുവേദിക്കു രൂപം നൽകി. 2002ലെ ഗുജറാത്ത് വംശഹത്യ കാലത്ത് 72 പ്രമുഖരെയും കൂട്ടി അഞ്ചുനാൾ കലാപബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്തു. വർഗീയതക്കെതിരെ ആധ്യാത്മ ജാഗരൺ മഞ്ചിന് രൂപം നൽകി. അധാർമികതക്കെതിരായ മുഖം നോക്കാതെയുള്ള നീക്കത്തിൽ ഹിന്ദുത്വവർഗീയവാദികളും അദ്ദേഹത്തി​െൻറ ആക്ഷേപത്തിന് ശരവ്യമാകുക സ്വാഭാവികം. തൊഴിലാളികൾക്കു വേണ്ടി വാദിച്ചപ്പോൾ കുത്തകകൾ നക്സൽ എന്ന പേരു പതിച്ചു നൽകി. കശ്മീരികളുടെ പീഡനപർവം പുറത്തുപറഞ്ഞതിന് ദേശവിരുദ്ധ മുദ്ര ചാർത്തി. ഹിന്ദുത്വവംശീയതക്കെതിരെ പ്രതികരിച്ചതിന് ഹിന്ദുവിരുദ്ധനാക്കി. എന്നിട്ടും 'ശല്യം' തുടരുന്നതിലുള്ള ഇൗർഷ്യയാണ് ഇപ്പോൾ പകൂറിൽ കണ്ടത്. എന്നാൽ, ഇതുകൊണ്ടൊന്നും അന്യായങ്ങൾക്കെതിരെ അകമേ ജ്വലിക്കുന്ന അഗ്നിയണക്കാനാവില്ലെന്നും അത് നാടാകെ പടർത്തുമെന്നുമുള്ള ദൃഢനിശ്ചയത്തിൽ മുന്നോട്ടുതന്നെ അഗ്നിവേശ് സ്വാമി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.