സന്ദർശകർക്ക് നിറക്കാഴ്ച നൽകി രാജവെമ്പാലകൾ

കുറ്റ്യാടി: പെരുവണ്ണാമൂഴി മുതല പാർക്കിൽ സന്ദർശകർക്ക് നിറക്കാഴ്ച നൽകി രണ്ട് രാജവെമ്പാലകൾ. പാർക്കിലെ ചില്ലുകൂട്ടിലാണ് പാമ്പ് രാജന്മാർ പത്തി വിടർത്തി കൗതുക കാഴ്ചയാവുന്നത്. നരിപ്പറ്റ കുമ്പളച്ചോലയിൽനിന്നും, പെരുവണ്ണാമൂഴി സുഗന്ധവിള ഗവേഷണ തോട്ടത്തിനടുത്തുനിന്നും മൂന്നാഴ്ച മുമ്പ് പിടിച്ചവയാണ് ചില്ലുകൂടുകളിലുള്ളത്. മൂന്ന് മീറ്ററോളം വലിപ്പമുള്ള വലിയ പാമ്പിനുവേണ്ടി ചില്ലുകൂട്ടിലെ രണ്ട് മുറികൾ അനുവദിച്ചിട്ടുണ്ട്. നീളവും വണ്ണവും കൂടുതലായതിനാൽ ഒരു മീറ്റർ നീളവും വീതിയുമുള്ള കൂട് മതിയാവില്ല. രണ്ട് കൂടുകൾക്കിടയിലെ ഭിത്തി തുളച്ചാണ് ഇതിനായി സൗകര്യം ചെയ്തത്. തിരുവനന്തപുരത്തും, പറശ്ശിനിക്കടവിലുമുള്ള മൃഗശാലകളിൽ മാത്രമാണ് രാജവെമ്പാലകളുടെ പാർക്കുള്ളത്. അവിടെ ശീതീകരിച്ച കൂടുകളിലാണ് ഇവ കഴിയുന്നത്. എന്നാൽ, പെരുവണ്ണാമൂഴിയിൽ ഇതൊന്നുമില്ലാത്ത സാധാരണ കൂട്ടിലും. ഉഷ്ണമുള്ള കൂട്ടിലിടുന്നത് രാജവെമ്പാലയുടെ ജീവൻതന്നെ അപകടത്തിലാക്കുമെന്നാണ് പറയുന്നത്. എന്നാൽ, കൂടിനുപിന്നിൽ വള്ളിപ്പടർപ്പുകളുണ്ടെന്നും അവയിൽ വെള്ളം ഒഴിച്ചു കൊടുക്കാറുണ്ടെന്നുമാണ് വനംവകുപ്പ് റേഞ്ച് ഓഫിസർ പറയുന്നത്. അധിക കാലം രാജവെമ്പാലയെ ഇവിടെ നിർത്താറില്ലെന്നും മാസം കഴിയുമ്പോൾ കാട്ടിൽ വിടാറുണ്ടെന്നും പറഞ്ഞു. വനംവകുപ്പും വനസംരക്ഷണ സമിതിയും ചേർന്നാണ് പാർക്ക് പരിപാലിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.